ദില്ലി: ആര്‍സിഇപി സ്വതന്ത്ര വ്യാപാര കരാറിനെതിരെ പ്രക്ഷേഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നവംബർ 18 മുതൽ ശീതകാല സമ്മേളനത്തിൽ പാർലമെന്റിനുള്ളിലും പുറത്തും പാര്‍ട്ടി പ്രക്ഷേഭം സംഘടിപ്പിക്കും.

ആര്‍സിഇപി കരാര്‍ കര്‍ഷക വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ആരോപിച്ചു. മൻ‌മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു‌പി‌എ സർക്കാർ 2012 ൽ റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർ‌സി‌ഇ‌പി) സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടിരുന്നുവെങ്കിലും സ്വതന്ത്ര വ്യാപാര കരാറിനെതിരെ പാർട്ടി നിലകൊള്ളുമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്തമാക്കി. കരാറിന്‍റെ ഭാഗമായ വ്യവസ്ഥകള്‍ രാജ്യത്ത് ഗുണകരമാകില്ലെന്നാണ് പാര്‍ട്ടിയുടെ പൊതുനിലപാട്. 

ആഭ്യന്തര വ്യവസായത്തിന്റെ, പ്രത്യേകിച്ച് ക്ഷീര കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്നതിനാൽ വ്യാപാര ഇടപാടിൽ കോണ്‍ഗ്രസ് പ്രതിഷേധിക്കണമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ യോഗത്തില്‍ അഭിപ്രായപ്പെട്ടു.