ദില്ലി: നികുതി വരുമാനത്തിലെ കുറവ് കാരണം ഇന്ത്യ 'നിശബ്ദ സാമ്പത്തിക പ്രതിസന്ധി' നേരിടുന്നതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഈ പ്രശ്നത്തെ ഗൗരവമായി കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ നികുതി കുറവ് പ്രതിസന്ധി പരിഹരിക്കാന്‍  ബജറ്റിന് സാധിക്കില്ല.  പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ ബജറ്റ് കമ്മി 3.4 ശതമാനത്തില്‍നിന്ന് 3.3 ശതമാനമായി കുറക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും സമ്പന്നരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, നികുതി വരുമാനത്തിലെ ഇടിവാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്ന് രതിന്‍ റോയ് ചൂണ്ടിക്കാട്ടി. ബജറ്റിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോല്‍ ജിഎസ്ടി വരുമാനവും ആദായനികുതി വരുമാനവും കുറയുകാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷം 370 ദശലക്ഷം ഡോളര്‍(25.5 ട്രില്ല്യന്‍ രൂ) നികുതി വര്‍ധനവിലൂടെ നേടാനാവുമെന്നാണ് ബജറ്റില്‍ പറയുന്നത്.  

എന്നാല്‍, ധനകാര്യ മന്ത്രാലയത്തിന്‍റെ സാമ്പത്തിക സര്‍വേയില്‍ 20.8 ട്രില്ല്യന്‍ രൂപ നേടുമെന്നാണ് പറയുന്നത്. ധനക്കമ്മി കുറക്കുമെന്ന പ്രസ്താവനെയെയും റോയ് ചോദ്യം ചെയ്തു. ബജറ്റിലെയും സാമ്പത്തിക സര്‍വേയിലെയും പൊരുത്തക്കേടുകള്‍ നേരത്തെയും വിമര്‍ശന വിധേയമായിരുന്നു. എന്നാല്‍, സംശയത്തിന്‍റെ ആവശ്യമില്ലെന്നും എല്ലാ കൃത്യമാണെന്നുമായിരുന്നു ധനമന്ത്രി നിര്‍മലസീതാരാമന്‍റെ പ്രതികരണം.