ഇന്ത്യയുടെ പ്രിയപ്പെട്ട കേസർ മാമ്പഴം അമേരിക്കൻ വിപണിയിലെത്തി. 'മാംഗോ ഡിപ്ലോമസി'യുടെ വിജയമായി ഇന്ത്യൻ കോൺസുലേറ്റ് ഇതിനെ വിശേഷിപ്പിക്കുന്നു. ഒരു വർഷത്തെ പരിശ്രമങ്ങൾക്ക് ശേഷം, കോസ്റ്റ്കോ പോലുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലകളിലും ഇനി ഇന്ത്യൻ മാമ്പഴം ലഭ്യമാകും.
സിയാറ്റിൽ: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാമ്പഴമായ കേസർ (Kesar) കടൽ കടന്നെത്തിയത് ആഘോഷമാക്കി യുഎസിലെ വിപണി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിന്റെയും ദൃഢമാകുന്ന നയതന്ത്ര ബന്ധത്തിന്റെയും പുതിയൊരു അധ്യായമായാണ് ഈ നേട്ടത്തെ ഇരു രാജ്യങ്ങളും വിലയിരുത്തുന്നത്. 'മാംഗോ ഡിപ്ലോമസി' (മാമ്പഴ നയതന്ത്രം) എന്നാണ് സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇതിനെ വിശേഷിപ്പിച്ചത്. പ്രശസ്ത അമേരിക്കൻ മാധ്യമമായ ഫോക്സ് 13 ന്യൂസിന്റെ “ഗുഡ് ഡേ സിയാറ്റിൽ” എന്ന ജനപ്രിയ മോണിംഗ് ഷോയിലൂടെയാണ് ഇന്ത്യൻ മാമ്പഴങ്ങളുടെ വരവ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. ഇന്ത്യയിലെ വൈവിധ്യമാർന്ന മാമ്പഴങ്ങളെയും അവ അമേരിക്കൻ വിപണിയിൽ എത്തിച്ചേർന്നതിന് പിന്നിലെ വലിയ കഥകളെയും കുറിച്ചുള്ള പ്രത്യേക ദൃശ്യങ്ങളും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യക്കാർക്ക് മാമ്പഴം വെറുമൊരു ഫലമല്ലെന്നും കുട്ടിക്കാലത്തെ ഓർമ്മകളും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പങ്കിടുന്ന സ്നേഹവമാണെന്നും സിയാറ്റിലിലെ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത പരിപാടിയിൽ പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ 2006 ലെ ഇന്ത്യൻ സന്ദർശനവും അദ്ദേഹം ഓർമിച്ചു. അന്ന് ഇന്ത്യയിലെ പ്രശസ്തമായ അൽഫോൺസോ മാമ്പഴം രുചിച്ച ബുഷ് ഇതിന്റെ അസാധ്യ രുചിയെ ഏറെ പ്രശംസിച്ചിരുന്നുവെന്നും പറഞ്ഞു. തുടർന്ന് 2007 മുതലാണ് ഇന്ത്യൻ മാമ്പഴങ്ങൾക്ക് അമേരിക്കൻ വിപണിയിലേക്ക് ഔദ്യോഗികമായി വഴിതുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷം നീണ്ട നിരന്തര പരിശ്രമം
സിയാറ്റിലിലെ വിപണിയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് വൻ പ്രചാരം നൽകാൻ കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ കോൺസുലേറ്റ് നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം ദശേരി (Dasheri), ചൗസ (Chausa), കേസർ (Kesar), ലാംഗ്ര (Langra) എന്നീ നാല് പ്രീമിയം ഇനം മാമ്പഴങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കോൺസുലേറ്റ് സിയാറ്റിലിൽ ഒരു 'മാമ്പഴ രുചിമേള' സംഘടിപ്പിച്ചിരുന്നു. ഇവിടുത്തെ പ്രമുഖ വിതരണക്കാരും തദ്ദേശീയരും ഈ മേളയിൽ പങ്കെടുത്ത് ഇന്ത്യൻ മാമ്പഴങ്ങളുടെ രുചിയറിഞ്ഞു. തുടർന്ന് പ്രദേശത്തെ പ്രമുഖ സൂപ്പർമാർക്കറ്റുകളുമായും യു.എസ് റീട്ടെയിൽ ശൃംഖലകളുമായും നടത്തിയ ചർച്ചകളുടെ ഫലമായാണ് ഇപ്പോൾ കേസർ മാമ്പഴങ്ങൾ സിയാറ്റിലിലെ ജനങ്ങളിലേക്ക് നേരിട്ടെത്തുന്നത്.
ഇന്ത്യൻ മാമ്പഴം വൻകിട മാളുകളിലേക്കും
ഗ്രേറ്റർ സിയാറ്റിൽ മേഖലയിലെ ഇന്ത്യൻ ഗ്രോസറി സ്റ്റോറുകൾക്ക് പുറമെ, അമേരിക്കയിലെ വൻകിട റീട്ടെയിൽ ഭീമന്മാരായ കോസ്റ്റ്കോ (Costco) ഔട്ട്ലെറ്റുകളിലും ഈ വാരത്തോടെ കേസർ മാമ്പഴങ്ങൾ ലഭ്യമായിത്തുടങ്ങും. സിയാറ്റിൽ, കിർക്ക്‌ലാൻഡ്, റെഡ്മണ്ട് എന്നീ പ്രദേശങ്ങളിലെ കോസ്റ്റ്കോ സ്റ്റോറുകളിലാണ് ആദ്യഘട്ടത്തിൽ ഇവ വിപണിയിലെത്തുക. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലും തദ്ദേശീയരായ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിലും ഈ വാർത്ത വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ജനകീയ ബന്ധത്തിന്റെ പുതിയൊരു പ്രതീകമായി ഇന്ത്യൻ മാമ്പഴങ്ങൾ മാറിക്കഴിഞ്ഞു.


