രാജ്യത്ത് ചൂട് വർധിച്ചതോടെ വൈദ്യുതി ആവശ്യകത റെക്കോർഡിലെത്തി. ഇതോടെ ഇന്ത്യയിലെ പകുതിയോളം താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷമായി. മഴ കുറഞ്ഞതിനാൽ ജലവൈദ്യുതി ഉൽപാദനം ഇടിഞ്ഞതും പ്രതിസന്ധിക്ക് കാരണമായി.

ദില്ലി: രാജ്യത്ത് ചൂട് അസാധാരണമായി ഉയര്‍ന്നതോടെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡ് നിലയിലെത്തിയതോടെ രാജ്യത്തെ 191 കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളില്‍ 96 എണ്ണത്തിലും കല്‍ക്കരി ശേഖരം കുത്തനെ കുറഞ്ഞു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 19 ന് എടുത്ത കണക്കുകൾ പ്രകാരം 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം ഗുരുതരമായ ക്ഷാമം നേരിടുകയാണ്. മൂന്ന് ദിവസത്തില്‍ താഴെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമുള്ള നിലയങ്ങളെയാണ് ഗുരുതരമായ ഇന്ധനക്ഷാമം നേരിടുന്നവയായി കണക്കാക്കുന്നത്. സെപ്റ്റംബര്‍ പകുതിയോടെ ഇത് 60 നിലയങ്ങളിലായിരുന്നു. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട ഉയര്‍ന്ന താപനിലയാണ് വൈദ്യുതി ആവശ്യകത വര്‍ധിക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കല്‍ക്കരി വിതരണം കൂട്ടി

വൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിച്ചതായി കഴിഞ്ഞ ആഴ്ച കല്‍ക്കരി മന്ത്രാലയം അറിയിച്ചിരുന്നു. എന്നിട്ടും നിലയങ്ങളിലെ ആകെ കല്‍ക്കരി ശേഖരം ഒക്ടോബര്‍ ആരംഭിച്ചതിനുശേഷം ഏകദേശം അഞ്ച് ശതമാനം കുറഞ്ഞതായി സിഇഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദുര്‍ബലമായ മണ്‍സൂണ്‍ പ്രതിസന്ധി രൂക്ഷമാക്കി. മഴ കുറഞ്ഞതോടെ ജലവൈദ്യുതി ഉല്‍പാദനം ഇടിഞ്ഞു. ഇതോടെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ താപവൈദ്യുത നിലയങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു.

കല്‍ക്കരി വൈദ്യുതി ഉല്‍പാദനം 13.3% വര്‍ധിച്ചു

സിഇഎയുടെ കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പാദനം മുന്‍വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 13.3 ശതമാനം വര്‍ധിച്ചു. എന്നാല്‍ ജലവൈദ്യുതി ഉല്‍പാദനം 20 ശതമാനം കുറഞ്ഞു.ഇതിനിടെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വിടവ് സെപ്റ്റംബറില്‍ 560 ദശലക്ഷം കിലോവാട്ട് ആയി ഉയര്‍ന്നു. 2023 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ശുദ്ധ ഊര്‍ജം വര്‍ധിച്ചിട്ടും കല്‍ക്കരിയെ ആശ്രയിക്കുന്നു

ഇന്ത്യയുടെ ആകെ വൈദ്യുതി ഉല്‍പാദനത്തിന്റെ ഏകദേശം 55 ശതമാനവും ഇപ്പോള്‍ ഫോസില്‍ ഇതര ഊര്‍ജ സ്രോതസുകളില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന ശുദ്ധ ഊര്‍ജം സംഭരിച്ചുവയ്ക്കാനുള്ള ബാറ്ററി സംവിധാനങ്ങള്‍ രാജ്യത്ത് പരിമിതമാണ്. ഇതിനാല്‍ ലഭിക്കുന്ന അധിക ശുദ്ധ ഊര്‍ജം പിന്നീട് ഉപയോഗിക്കാനായി ആവശ്യത്തിന് സംഭരിക്കാന്‍ കഴിയുന്നില്ല. വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്ന സമയങ്ങളില്‍ ആവശ്യകത നിറവേറ്റാന്‍ ഇന്ത്യക്ക് കല്‍ക്കരി അധിഷ്ഠിത വൈദ്യുതിയെ ആശ്രയിക്കേണ്ടിവരുന്നു. കല്‍ക്കരി ശേഖരം കുറയുന്നതും വൈദ്യുതി ആവശ്യകത ഉയരുന്നതും രാജ്യത്തെ വൈദ്യുതി മേഖലയ്ക്ക് വെല്ലുവിളിയാകുകയാണ്.