ദില്ലി: ചൈന വിടാന്‍ താല്‍പര്യമുളള കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും വാതിലുകള്‍ തുറന്നിട്ട് ഇന്ത്യ. ചൈനയില്‍ നിന്ന് നിക്ഷേപം പുറത്തേക്ക് മാറ്റാന്‍ താല്‍പര്യമുളള അന്താരാഷ്ട്ര കമ്പനികള്‍ക്ക് അനുയോജ്യ കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 

ചൈന വിടുന്ന ബിസിനസ് മേധാവിമാരെ ഇന്ത്യയിലേക്ക് ക്ഷണിക്കും. ഇവര്‍ക്കായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം യുഎസ്- ചൈന വ്യാപാര യുദ്ധം കണക്കിലെടുത്തുകൊണ്ടുളളതാവില്ലെന്നും മറ്റ് വിഷയങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് കര്‍മ്മ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 

ഇന്ത്യന്‍ വിപണിയിലേക്ക് കമ്പനികളെ ക്ഷണിക്കാനുളള ആവാസ വ്യവസ്ഥയാണ് രാജ്യത്ത് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ചൈന വിട്ടാല്‍ അടുത്ത നിക്ഷേപ കേന്ദ്രമായി പരിഗണിക്കാവുന്ന വിയറ്റ്നാമിലെ അവസരങ്ങള്‍ ഒട്ടും ആകര്‍ഷണീയമല്ലെന്നും ഇത് ഇന്ത്യയ്ക്ക് അവസരമാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ- യുഎസ് വ്യാപാരക്കരാര്‍ ഉടന്‍ പ്രാവര്‍ത്തികമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.