Asianet News MalayalamAsianet News Malayalam

കൊവിഡിലും ക്ഷീണിക്കാതെ അതിസമ്പന്നർ, 100 ഇന്ത്യാക്കാരുടെ ആസ്തിയിൽ 50 ശതമാനം വർധന

ഫോർബ്സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ 100 അതിസമ്പന്നരുടെ ആസ്തി 257 ബില്യൺ ഡോളർ ഉയർന്നു. 50 ശതമാനം വർധനയാണ് ഉണ്ടായത്. ഇപ്പോൾ ഈ നൂറ് പേരുടെ ആകെ ആസ്തി 775 ബില്യൺ ഡോളറാണ്

India top rich got 50 percent increase in wealth during covid pandemic last 12 months
Author
Delhi, First Published Oct 7, 2021, 4:05 PM IST

കൊവിഡ് കാലത്ത് പോലും റെക്കോർഡ് മുന്നേറ്റം കാഴ്ചവെച്ച ബിഎസ്ഇയും ഡിജിറ്റൽ സേവന രംഗത്തെ വർധിക്കുന്ന ആവശ്യവും ഇന്ത്യയിലെ അതിസമ്പന്നർക്ക് തുണയായി. മഹാമാരിക്കാലത്തും ദശലക്ഷക്കണക്കിന് സാധാരണക്കാർ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെട്ടപ്പോഴും അതിസമ്പന്നർക്ക് അത് തിരിച്ചടിയായില്ല. ഫോർബ്സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ 100 അതിസമ്പന്നരുടെ ആസ്തി 257 ബില്യൺ ഡോളർ ഉയർന്നു. 50 ശതമാനം വർധനയാണ് ഉണ്ടായത്. ഇപ്പോൾ ഈ നൂറ് പേരുടെ ആകെ ആസ്തി 775 ബില്യൺ ഡോളറാണ്.

മുന്നിൽ അംബാനി

ഫോർബ്സിന്റെ പട്ടികയിൽ തുടർച്ചയായ 14ാമത്തെ വർഷവും മുകേഷ് അംബാനി തന്നെയാണ് മുന്നിൽ. 92.7 ബില്യൺ ഡോളറാണ് ആകെ ആസ്തി. ഒരു വർഷത്തിനിടെ നാല് ബില്യൺ ഡോളറിന്റെ വർധനവുണ്ടായി. റിലയൻസിന്റെ കുതിപ്പാണ് ഇദ്ദേഹത്തിന് നേട്ടമായത്.

ഇനി അദാനിയുടെ കാലം?

ഇന്ത്യയിലെ അതിസമ്പന്നരിൽ തുടർച്ചയായ മൂന്നാമത്തെ വർഷവും രണ്ടാം സ്ഥാനം നിലനിർത്തിയ ഗൗതം അദാനിയുടെ ഒരു വർഷത്തിനിടയിലെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. 74.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. കഴിഞ്ഞ വർഷം ഇത് 25.2 ബില്യൺ ഡോളർ മാത്രമായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഇദ്ദേഹത്തിന്റെ എല്ലാ ലിസ്റ്റഡ് കമ്പനികളും ഓഹരി വിപണിയിൽ മുന്നേറിയതാണ് വളർച്ചയ്ക്ക് കാരണം.


ആദ്യ പത്തിലെ മറ്റുള്ളവർ

സോഫ്റ്റ്‌വെയർ ഭീമൻ എച്ച്സിഎല്ലിന്റെ സ്ഥാപകൻ ശിവ് നഡാറാണ് മൂന്നാമത്, 31 ബില്യൺ ഡോളർ ആശ്തി. ഒരു വർഷത്തിനിടെ 10 ബില്യൺ ഡോളർ വർധന. 

രാധാകൃഷ്ണൻ ദമനിയാണ് നാലാമത്. 15.4 ബില്യൺ ഡോളറിൽ നിന്ന് 29.4 ബില്യൺ ഡോളറായി ഇദ്ദേഹത്തിന്റെ ആസ്തി ഒരു വർഷത്തിനിടെ വർധിച്ചു. 

സൈറസ് പൂനാവാലയാണ് അഞ്ചാമത്. 19 ബില്യൺ ഡോളറാണ് ആകെ ആസ്തി. കൊവിഡ് വാക്സീനേഷനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവൻ നന്ദി പറയേണ്ടത്.

18.8 ബില്യൺ ഡോളറുമായി ലക്ഷ്മി മിത്തലും 18 ബില്യൺ ഡോളറുമായി സാവിത്രി ദേവി ജിന്റലും 16.5 ബില്യൺ ഡോളറുമായി ഉദയ് കൊടാകും 16.4 ബില്യൺ ഡോളറുമായി പല്ലോഞ്ജി മിസ്ത്രിയും 15.8 ബില്യൺ ഡോളറുമായി കുമാർ മംഗളം ബിർളയുമാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.

Follow Us:
Download App:
  • android
  • ios