ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നതോടെ രാജ്യത്ത് പ്രമുഖ സ്കോച്ച് വിസ്കികളുടെ വിലയിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടായി. ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറഞ്ഞതാണ് ഇതിന് കാരണം. മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ വില പ്രാബല്യത്തിൽ വന്നു.

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ രാജ്യത്ത് പ്രമുഖ സ്‌കോച്ച് വിസ്‌കികളുടെ വിലയില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവ്. കരാര്‍ മൂലം ലഭിച്ച ഇറക്കുമതി ചെലവിലെ ഇളവ് മദ്യ നിര്‍മ്മാണ കമ്പനികളായ ഡിയാജിയോ, പെര്‍നോഡ് റിക്കാര്‍ഡ് എന്നിവര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തുടങ്ങിയതോടെയാണിത്.

മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ വിലക്കുറവ് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 15-ന് വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം വിപണിയില്‍ ഉണ്ടാകുന്ന ആദ്യ വലിയ വില മാറ്റമാണിത്.

ബ്രാന്‍ഡുകളും പുതിയ വിലയും

ഇന്ത്യയിലെ പ്രമുഖ സ്‌കോച്ച് വിസ്‌കികളുടെ പുതിയ വില വിവരങ്ങള്‍ ഇങ്ങനെ:

ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ (750 മില്ലി): മുന്‍പ് 4,250 രൂപയായിരുന്നത് ഇപ്പോള്‍ 3,800 രൂപയായി കുറഞ്ഞു.

ജെ & ബി : മുന്‍പ് 2,300 രൂപയുണ്ടായിരുന്ന വിസ്‌കിക്ക് ഇപ്പോള്‍ 1,700 രൂപയോളമാണ് വില.

ഇതിനുപുറമേ, ഷിവാസ്, ബല്ലാന്റൈന്‍സ്, ദി ഗ്ലെന്‍ലിവെറ്റ് എന്നിവയ്ക്ക് വില കുറയ്ക്കുന്നതിനായി പെര്‍നോഡ് റിക്കാര്‍ഡ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

കരാര്‍ അനുസരിച്ച് യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി പകുതിയായി കുറച്ചിട്ടുണ്ട്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി വീണ്ടും കുറയും. എന്നാല്‍ ഇറക്കുമതി തീരുവ പകുതിയായി കുറഞ്ഞെങ്കിലും അന്തിമ വില്‍പ്പന വിലയില്‍ അതിനനുസരിച്ച് വിലക്കുറവ് ഉണ്ടാകില്ല. വിസ്‌കിയുടെ അന്തിമ വില നിശ്ചയിക്കുന്നത് ഇറക്കുമതി തീരുവ മാത്രം നോക്കിയല്ല. സംസ്ഥാന എക്‌സൈസ് തീരുവ, മറ്റ് നികുതികള്‍, വിതരണ ചെലവുകള്‍, കമ്പനികളുടെ ലാഭവിഹിതം എന്നിവയെല്ലാം ചേര്‍ത്താണ്.

ദേശീയ തലത്തില്‍ ശരാശരി 7 മുതല്‍ 9 ശതമാനം വരെ വിലക്കുറവാണ് ഡിയാജിയോ കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ 10-15% വരെ ഉയര്‍ന്ന തോതില്‍ വില കുറയാന്‍ കാരണം അവിടുത്തെ പ്രാദേശിക എക്‌സൈസ് നികുതി ഘടനയും വാണിജ്യപരമായ തീരുമാനങ്ങളുമാണ്.