ഒമിക്രോൺ വ്യാപനം നിലവിലെ സാമ്പത്തിക മുന്നേറ്റത്തെ തിരിച്ചടിക്കുമെന്ന് സാമ്പത്തിക രംഗത്ത് വിദഗ്ദ്ധർ ഭയക്കുന്നു

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയർന്നു. ഡിസംബറിൽ 7.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പറയുന്നു. നവംബറിൽ 7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഓഗസ്റ്റിൽ 8.3 എന്ന ഉയർന്ന നിരക്കിലെത്തിയ ശേഷമുള്ള ഏറ്റവുമുയർന്ന നിരക്കാണ് ഡിസംബറിലേത്.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതാണ് തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണം. നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് നിരക്ക് 9.3 ശതമാനമാണ്. നവംബറിൽ 8.2 ശതമാനമായിരുന്നു. ഗ്രാമങ്ങളിൽ നവംബറിലെ 6.4 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 7.3 ശതമാനമായി തൊഴിലില്ലായ്മ നിരക്കുയർന്നു.

ഒമിക്രോൺ വ്യാപനം നിലവിലെ സാമ്പത്തിക മുന്നേറ്റത്തെ തിരിച്ചടിക്കുമെന്ന് സാമ്പത്തിക രംഗത്ത് വിദഗ്ദ്ധർ ഭയക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക പാദങ്ങളിൽ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച നേടിയ ഇന്ത്യക്ക് ഒമിക്രോൺ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനാൽ തന്നെ തൊഴിലില്ലായ്മ നിരക്കിനെ വളരെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക രംഗത്തുള്ളവർ നോക്കിക്കാണുന്നത്. കേന്ദ്രസർക്കാർ പ്രതിമാസ കണക്കുകൾ പുറത്തുവിടാത്തതിനാൽ ഏറ്റവും ആധികാരികമായ രേഖയായാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകളെ കാണുന്നത്.