ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് അധികമായി 26 ശതമാനം അധിക തീരുവ ചുമത്തിയിരുന്നെങ്കിലും 90 ദിവസത്തേക്ക് ഇത് നിര്‍ത്തിവെക്കുകയായിരുന്നു.
ഇന്ത്യയും യുഎസും തമ്മില്‍ ഒരു ഇടക്കാല വ്യാപാര കരാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ജൂലൈ 9-നകം കരാറിലെത്താനാണ് ഇരുരാജ്യങ്ങളുടേയും ശ്രമം. ഏപ്രില്‍ 2-ന് യുഎസ് പ്രഖ്യാപിച്ച ഉയര്‍ന്ന തീരുവകള്‍ ജൂലൈ 9 വരെ ട്രംപ് ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിന് മുമ്പ് കരാറില്‍ ഏര്‍പ്പെടാനാണ് ശ്രമം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് അധികമായി 26 ശതമാനം അധിക തീരുവ ചുമത്തിയിരുന്നെങ്കിലും 90 ദിവസത്തേക്ക് ഇത് നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ അമേരിക്ക ചുമത്തിയ 10 ശതമാനം അടിസ്ഥാന തീരുവ ഇപ്പോഴും നിലവിലുണ്ട്. അധികമായി ചുമത്തിയ 26 ശതമാനം തീരുവയില്‍ നിന്ന് പൂര്‍ണ്ണമായ ഇളവാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. കാര്‍ഷിക, ക്ഷീര മേഖലകളില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീളുന്നതെന്നാണ് സൂചന. ഇന്ത്യക്ക് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ മേഖലകളാണ് ഇവ. ഇന്ത്യ അതിന്റെ ഒരു സ്വതന്ത്ര വ്യാപാര കരാറുകളിലും ക്ഷീരമേഖല വിദേശരാജ്യങ്ങള്‍ക്ക് തുറന്നുനല്‍കിയിട്ടി്ല്ല.
ചില വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈലുകള്‍ - പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങള്‍, വൈനുകള്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, ആപ്പിള്‍, നട്സ്, ജനിതകമാറ്റം വരുത്തിയ വിളകള്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് തീരുവ ഇളവുകള്‍ യുഎസ് ആവശ്യപ്പെടുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍സ്, രത്‌നങ്ങളും ആഭരണങ്ങളും, തുകല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, ചെമ്മീന്‍, എണ്ണക്കുരുക്കള്‍, മുന്തിരി, വാഴപ്പഴം തുടങ്ങിയ തൊഴില്‍ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവുകളാണ് ഇന്ത്യ തേടുന്നത്.
ജൂലൈ 9-ലെ സമയപരിധി നീട്ടിയില്ലെങ്കില്‍, തീരുവ ഏപ്രില്‍ 2-ലെ നിലയിലേക്ക് (ഇന്ത്യയുടെ കാര്യത്തില്‍ 26 ശതമാനം) എത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അങ്ങനെ വന്നാല്‍, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ചില കാര്യങ്ങളില്‍ നേട്ടമുണ്ടാകുമെന്നും ചിലത് നഷ്ടപ്പെടുമെന്നും, എന്നാല്‍ ഉയര്‍ന്ന താരിഫുകള്‍ കാരണം യുഎസിനേയും അത് ദോഷകരമായി ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ 9-ന് ശേഷവും തീരുവ താല്‍ക്കാലികമായി മരവിപ്പിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം യുഎസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 5 മുതല്‍ 11 വരെ യുഎസ് സംഘം ഇന്ത്യയില്‍ ചര്‍ച്ചകള്‍ക്കായി എത്തിയിരുന്നു. വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ ഓണ്‍ലൈനായും നേരിട്ടും തുടരും

