സ്വര്‍ണ്ണവായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിസാരമല്ല.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ പലരും ആശ്രയിക്കുന്ന ഒരു മാര്‍ഗ്ഗമാണ് സ്വര്‍ണ്ണപ്പണയം. എന്നാല്‍, എടുത്ത സ്വര്‍ണ്ണവായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിസാരമല്ല. സാധാരണയായി, സ്വര്‍ണ്ണം ഈ വായ്പയ്ക്ക് ഈടായി വര്‍ത്തിക്കുന്നുണ്ടെങ്കിലും, തിരിച്ചടവ് മുടങ്ങുന്നത് സാമ്പത്തികമായും നിയമപരമായും ദോഷകരമായി ബാധിക്കും. വായ്പ എടുത്തയാള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തിരിച്ചടവ് മുടക്കുകയോ,ഇഎംഐകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയോ, പലിശ നല്‍കാതിരിക്കുകയോ, അല്ലെങ്കില്‍ കാലാവധി അവസാനിക്കുമ്പോള്‍ തുക പൂര്‍ണ്ണമായി അടയ്ക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സ്വര്‍ണ്ണപ്പണയം മുടങ്ങി എന്ന് പറയുന്നത്.
തിരിച്ചടവ് മുടങ്ങിയാലെന്ത് സംഭവിക്കും?
അധിക നിരക്കുകള്‍: തിരിച്ചടവ് മുടങ്ങുമ്പോള്‍ പിഴപ്പലിശയും മറ്റ് ചാര്‍ജുകളും നിലവിലുള്ള ബാക്കി തുകയോടൊപ്പം കൂട്ടിച്ചേര്‍ക്കും. കാലക്രമേണ പലിശ വര്‍ധിക്കുന്നതിനാല്‍ തിരിച്ചടവ് കൂടുതല്‍ ബുദ്ധിമുട്ടാകും.
ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നു: ഏതൊരു വായ്പയും വൈകി അടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് ഈ വിവരം കൈമാറുന്നതോടെ ക്രെഡിറ്റ് റേറ്റിംഗ് കുറയും.
നിയമപരമായ നടപടികളും ലേല നടപടികളും സാധാരണയായി, തിരിച്ചടവ് മുടങ്ങി 30 മുതല്‍ 90 ദിവസം വരെയുള്ള ഗ്രേസ് പിരീഡിന് ശേഷവും തുക ലഭ്യമല്ലെങ്കില്‍, ബാങ്കുകള്‍ / ധനകാര്യ സ്ഥാപനങ്ങള്‍ നടപടികള്‍ ആരംഭിക്കും:
സ്വര്‍ണ്ണം ലേലം ചെയ്യല്‍: ഈടായി വെച്ച സ്വര്‍ണ്ണം പൊതു ലേലത്തില്‍ വെച്ച് വായ്പാ തുക തിരിച്ചുപിടിക്കാന്‍ വായ്പ നല്‍കിയവര്‍ക്ക് അവകാശമുണ്ട്. സാധാരണയായി, ലേലം ചെയ്യുന്നതിന് മുമ്പ് നിയമപരമായ നോട്ടീസ് നല്‍കിയിരിക്കും.
ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നു: സ്വര്‍ണ്ണം ലേലത്തിന് വെച്ചുകഴിഞ്ഞാല്‍, അതിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടും. ലേലവില കടത്തേക്കാള്‍ കൂടുതലാണെങ്കില്‍, അധികമുള്ള തുക തിരികെ ലഭിക്കും; എന്നാല്‍ കടത്തേക്കാള്‍ കുറവാണെങ്കില്‍, ബാക്കി തുക അടയ്‌ക്കേണ്ടിവരും. ഈ തുക തിരിച്ചുപിടിക്കാന്‍ വായ്പ നല്‍കിയവര്‍ നിയമനടപടികളും സ്വീകരിച്ചേക്കാം.
ഭാവി വായ്പകളെ എങ്ങനെ ബാധിക്കും?
തിരിച്ചടവ് വൈകിയ വായ്പ നിങ്ങള്‍ അടച്ചുതീര്‍ത്താല്‍ പോലും, മോശം തിരിച്ചടവ് ചരിത്രം ഭാവിയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍, ഭവന വായ്പകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. കൂടാതെ, വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിക്കാനും ഇത് കാരണമായേക്കാം.
തിരിച്ചടവ് മുടങ്ങുന്നത് എങ്ങനെ ഒഴിവാക്കാം?
വായ്പ പുനഃക്രമീകരിക്കുക: വായ്പ നല്‍കിയവരുമായി സംസാരിച്ച് സാഹചര്യം വിശദീകരിക്കുക. ചില വായ്പ ദാതാക്കള്‍ക്ക് തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയോ കാലാവധി നീട്ടി നല്‍കുകയോ ചെയ്യുന്നതുപോലുള്ള ബദല്‍ പേയ്‌മെന്റ് ഓപ്ഷനുകള്‍ ഉണ്ടാകാം.
ഭാഗികമായി തുക അടയ്ക്കുക: കുടിശ്ശികയുള്ള വായ്പയുടെ ഒരു ഭാഗം അടയ്ക്കുന്നത് ലേല നടപടികള്‍ ഒഴിവാക്കാനോ പിഴകളില്‍ നിന്ന് രക്ഷപ്പെടാനോ സഹായിക്കും.
വായ്പ മാറ്റാന്‍ ശ്രമിക്കുക: ഒരു വായ്പ ദാതാവിന്റെ അടുത്ത് തിരിച്ചടവ് മുടങ്ങുന്നത് ഒഴിവാക്കാന്‍, മികച്ച വ്യവസ്ഥകള്‍ ലഭ്യമാണെങ്കില്‍ സ്വര്‍ണ്ണപ്പണയം മറ്റൊരു വായ്പ ദാതാവിലേക്ക് മാറ്റുന്നത് പരിഗണിക്കാവുന്നതാണ്.
തിരിച്ചടവ് മുടങ്ങുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തിരിച്ചടയ്ക്കാന്‍ കഴിവുള്ള വായ്പകള്‍ മാത്രം എടുക്കുക. പ്രായോഗികമായ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുക. പ്രധാന തീയതികള്‍ അറിഞ്ഞിരിക്കുക, കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ പണം കരുതുക.

