ദില്ലി: വിദേശ പങ്കാളിത്തത്തോടെ മെയ്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 114 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുളള നടപടികള്‍ ഇന്ത്യന്‍ വ്യോമസേന വേഗത്തിലാക്കി. ഇതോടൊപ്പം സേനയ്ക്ക് വേണ്ടി ടാറ്റയും എയര്‍ബസും ചേര്‍ന്ന് 56 സി- 295 ചരക്കുവിമാനം നിര്‍മിക്കാനുളള പദ്ധതി സുരക്ഷാകാര്യ മന്ത്രിസഭാ സമിതി വൈകാതെ പരിഗണിക്കും.

114 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുളള പ്രപ്പോസല്‍ ഈ വര്‍ഷം അവസാനമോ 2020 ആദ്യമോ വ്യോമസേനയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 42 സ്ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യം എന്നാല്‍, ഇപ്പോള്‍ കൈവശം 32 എണ്ണം മാത്രമാണ് ഉളളത്. ഈ സാഹചര്യത്തിലാണ് 114 യുദ്ധ വിമാനങ്ങള്‍ അടിയന്തമായി സ്വന്തമാക്കാന്‍ സേന ലക്ഷ്യം വയ്ക്കുന്നത്. 

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ തന്ത്രപരമായ പങ്കാളിത്ത മാതൃകയിലാണ് 114 യുദ്ധവിമാനങ്ങളും നിര്‍മിക്കുന്നത്. കരാര്‍ പ്രകാരം സേനയ്ക്ക് ലഭിക്കേണ്ട 123 തേജസ് വിമാനങ്ങളില്‍ 16 എണ്ണം മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. 2016 ലെ കരാര്‍ പ്രകാരമുളള ആദ്യ റഫേല്‍ യുദ്ധവിമാനം ഈ വര്‍ഷം സെപ്റ്റംബറില്‍ വ്യോമസേനയ്ക്ക് ലഭിക്കും. 2022 ഏപ്രിലോടെ 36 റഫേല്‍ വിമാനങ്ങളും സേനയുടെ ഭാഗമാകും.