തുര്‍ക്കിയോട തുറന്ന എതിര്‍പ്പ് വ്യാപക ബഹിഷ്കരണവുമായി വ്യാപാരസമൂഹം

ഇന്ത്യാ - പാക്ക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് തുറന്ന പിന്തുണ നല്‍കിയ തുര്‍ക്കിയോട് കടുത്ത പ്രതിഷേധം രാജ്യത്തുയരുകയാണ്. തുര്‍ക്കിയോടുള്ള വാണിജ്യബന്ധങ്ങള്‍ പരമാവധി വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായി തുര്‍ക്കി ഉല്‍പ്പന്നങ്ങളായ ചോക്ലേറ്റുകള്‍, കാപ്പി, ജാം, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ ഇന്ത്യന്‍ പലചരക്ക് കടകളും പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍മാരും ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിലിനിടെയാണ് ഇന്ത്യന്‍ റീട്ടെയിലര്‍മാരും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, യാത്രാ സേവനങ്ങള്‍ എന്നിവയെല്ലാം ബഹിഷ്കരണത്തിന്‍റെ പരിധിയില്‍ വരും. 13 ദശലക്ഷം പലചരക്ക് കടകള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്ക് അനിശ്ചിതകാലത്തേയ്ക്ക് പൂര്‍ണ്ണമായ ബഹിഷ്കരണം പ്രഖ്യാപിച്ചു. ചോക്ലേറ്റ്, വേഫറുകള്‍, ജാം, ബിസ്കറ്റ്, ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയെ ഇത് ബാധിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. ഏകദേശം 2000 കോടി രൂപയാണ് ഇത് വഴി തുര്‍ക്കിയ്ക്ക് നഷ്ടമാവുക.

പ്രമുഖ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍മാരും ബഹിഷ്കരണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഫ്ലിപ്കാര്‍ട്ടിന്‍റെ ഫാഷന്‍ വിഭാഗമായ മിന്ത്ര, ട്രെന്‍ഡിയോള്‍, എല്‍സി വൈകികി, മാവി തുടങ്ങിയ തുര്‍ക്കി ബ്രാന്‍ഡുകള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ട്. റിലയന്‍സിന്‍റെ ഫാഷന്‍ പ്ലാറ്റ്ഫോമായ അജിയോ, ട്രെന്‍ഡിയോള്‍, കോട്ടണ്‍ തുടങ്ങിയ പ്രമുഖ തുര്‍ക്കി ബ്രാന്‍ഡുകളെ ലിസ്റ്റിംഗുകളില്‍ നിന്ന് നീക്കം ചെയ്തു. പല ഉല്‍പ്പന്നങ്ങള്‍ക്കും 'സ്റ്റോക്കില്ല' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ യാത്രക്കാര്‍ തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ റദ്ദാക്കുകയും സര്‍ക്കാര്‍ തുര്‍ക്കി ഏവിയേഷന്‍ സര്‍വീസസ് കമ്പനിയായ സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഇന്ത്യ ഔദ്യോഗികമായി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അനൗദ്യോഗിക പ്രചാരണം ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി 2.7 ബില്യണ്‍ ഡോളറായിരുന്നു. പ്രധാനമായും ധാതു ഇന്ധനങ്ങളും അമൂല്യ ലോഹങ്ങളുമായിരുന്നു ഇവ. വസ്ത്ര ഇറക്കുമതി മാത്രം 81 ദശലക്ഷം ഡോളറായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റീട്ടെയില്‍ മേഖലയ്ക്ക് പുറമെയും ബഹിഷ്കരണം വ്യാപിക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു, തുര്‍ക്കി ആപ്പിള്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞു. 2024-ല്‍ ഏകദേശം 60 ദശലക്ഷം ഡോളറിന്‍റെ തുര്‍ക്കി ആപ്പിള്‍ ഇറക്കുമതിയാണ് നടന്നത്.