ദില്ലി: മേയ് മാസം ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ വര്‍ധന. ഏപ്രില്‍ മാസത്തില്‍ ഇടിവ് നേരിട്ടതിന് പിന്നാലെയാണ് ഈ തിരിച്ചുപിടിക്കല്‍. കഴിഞ്ഞ മാസം 2.96 ശതമാന വര്‍ധനയാണ് ആഭ്യന്തര സെക്ടറില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്കുണ്ടായത്. 

ഏപ്രില്‍ മാസത്തില്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ 4.5 ശതമാനത്തിലധികം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലിലുണ്ടായ ജെറ്റ് എയര്‍വേസ് അടച്ചുപൂട്ടലാണ് ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് പ്രതിസന്ധിയായത്. ആഭ്യന്തര വ്യോമയാന വിപണിയില്‍ 49 ശതമാനം വിപണി വിഹിതവുമായി മേയ് മാസത്തില്‍ ഇന്‍ഡിഗോ തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുളളത് സ്പൈസ് ജെറ്റാണ്. ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.