തിരുവനന്തപുരം: ഇന്ത്യയിലെ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ഓയിലിന് മൂന്നാം റാങ്ക്. എണ്ണ- വാതക മേഖലയില്‍ ഒന്നാം റാങ്കും ഇന്ത്യന്‍ ഓയിലിനാണ്. ഓഹരി വിപണി നിക്ഷേപം, ബിസിനസ് രംഗത്തെ പ്രകടനം എന്നിവയുടെ കാര്യത്തില്‍ ബ്രാന്‍ഡ്സ് സ്ട്രെങ്ത് ഇന്‍ഡിക്സില്‍ (ബിഎസ്ഐ) വര്‍ധന രേഖപ്പെടുത്തിയാണ് ഇന്ത്യന്‍ ഓയില്‍ മുന്നേറിയത്.

ലണ്ടന്‍ കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സര്‍വേ നടത്തിയത്. ബിഎസ്ഐയിലെ ആകെ 100 പോയിന്‍റില്‍ 84.6 പോയിന്‍റാണ് പൊതുമേഖല എണ്ണക്കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുതിച്ചുചാട്ടമാണ് കമ്പനി നടത്തിയത്. പോയ വര്‍ഷം ഇന്ത്യന്‍ ഓയിലിന്‍റെ ബിഎസ്ഐ 77.2 മാത്രമായിരുന്നു.