ദില്ലി:  യാത്രാ ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് ഈടാക്കിയ ചാര്‍ജുകളും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് കാന്‍സല്‍ ചെയ്യാതിരുന്നതും വഴി റെയില്‍വെയ്ക്ക് മൂന്ന് വര്‍ഷം കൊണ്ട് 9000 കോടിയുടെ നേട്ടം. വിവരാവകാശ നിയമ പ്രകാരം സെന്‍റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.

വെയ്റ്റ് ലിസ്റ്റഡ് ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യാതിരുന്ന യാത്രക്കാര്‍ 2017 ജനുവരി ഒന്നിനും 2020 ജനുവരി 31 നും ഇടയില്‍ റെയില്‍വെയ്ക്ക് നല്‍കിയത് 4335 കോടിയാണ്. 9.5 കോടിയോളം യാത്രക്കാരില്‍ നിന്നാണ് ഇത്രയും തുക റെയില്‍വെയ്ക്ക് ലഭിച്ചത്.

അതേസമയം കണ്‍ഫേം ആയ ടിക്കറ്റുകള്‍  യാത്രക്കാര്‍ റദ്ദാക്കിയത് വഴി 4684 കോടിയാണ് ലഭിച്ചത്. സ്ലീപ്പര്‍ ക്ലാസ്, തേര്‍ഡ് എസി കോച്ചുകളിലെ ടിക്കറ്റ് റിസര്‍വേഷനുകളില്‍ നിന്നാണ് നേട്ടം. ഈ കാലത്തിനിടെ 145 കോടി പേര്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തു. 74 കോടി പേര്‍ ടിക്കറ്റുകള്‍ റെയില്‍വെ കൗണ്ടറില്‍ നിന്ന് നേരിട്ടാണ് ബുക്ക് ചെയ്തത്.

യാത്രക്കാരില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം 61000 കോടി വരുമാനമാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. ചരക്കുഗതാഗതത്തില്‍ നിന്ന് 1.47 ലക്ഷം
കോടിയും ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് പാര്‍ലമെന്‌റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.