മുംബൈ: ഒരൊറ്റ ദിവസത്തില്‍ ഓഹരി വിപണി കുതിച്ചുയരുന്നതിനും കൂപ്പുകുത്തുന്നതിനുമാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. രാവിലെ 200 പോയിന്‍റിന് മുകളിലേക്കുയര്‍ന്ന സെന്‍സെക്സ് വൈകിട്ട് 433 പോയിന്‍റ് താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ വായ്പാ നയമാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചതെന്നാണ് വ്യക്തമാകുന്നത്.

സെന്‍സെക്‌സ് 433.56 താഴ്ന്ന് 37673.31 ലാണ് ആഴ്ചയുടെ അവസാനം വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയാകട്ടെ 139.20 പോയിന്റ് താഴ്ന്ന് 11174.80 ലാണ് വ്യാപാരം അവസാനിച്ചത്. 973 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1615 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഒഎന്‍ജിസി, ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. കോട്ടക് മഹീന്ദ്ര, സീ എന്‍റര്‍ടെയ്ന്‍, ഉള്‍ട്രാടെക് സിമന്‍റ്, ടൈറ്റാന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.