2024 ൽ ഇന്ത്യക്കാരായ സമ്പന്നരുടെ ആസ്തിയില്‍ 132 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

2024 ഇന്ത്യാക്കാരായ സമ്പന്നരുടെ വര്‍ഷമോ..? ഇവരുടെ സമ്പത്തിലെ വളര്‍ച്ച കണ്ടാല്‍ ഒരു പക്ഷെ അത് സത്യമാണെന്ന് പറയേണ്ടി വരും. കാരണം ഇന്ത്യക്കാരായ സമ്പന്നരുടെ ആസ്തിയില്‍ 132 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. യുബിഎസിന്‍റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി കഴിഞ്ഞ ദശകത്തില്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ച് 2023 ലെ 637.1 ബില്യണില്‍ നിന്ന് 2024 ല്‍ 905.6 ബില്യണ്‍ ഡോളറായി. ആഗോള ശരാശരിയേക്കാളും കൂടുതലാണിത്. 2024 ഏപ്രില്‍ വരെയുള്ള 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. അതേ കാലയളവില്‍, അവരുടെ കൂട്ടായ സമ്പത്ത് ഏകദേശം 3 മടങ്ങ് വര്‍ദ്ധിച്ചു.

മാറുന്ന നിക്ഷേപ സങ്കല്‍പ്പം

360 വണ്‍ വെല്‍ത്ത്-ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, സമ്പന്നരായ 39% പേരും ഓഹരി വിപണിയിലാണ് കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ബോണ്ടുകളിലും റിയല്‍ എസ്റ്റേറ്റിലും 20% വീതവും സ്വര്‍ണ്ണത്തില്‍ 10% ഉം നിക്ഷേപമാണ് സമ്പന്നര്‍ നടത്തിയത്. സമ്പന്നരുടെ, പ്രത്യേകിച്ച് 60 വയസ്സിനു മുകളിലുള്ളവരുടെ, നിക്ഷേപ ലക്ഷ്യങ്ങളിലെ മാറ്റവും സര്‍വേ എടുത്തുകാട്ടുന്നു. പഴയ നിക്ഷേപകര്‍ സമ്പത്ത് സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുന്നു എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമായി, കൂടുതല്‍ നിക്ഷേപം താരതമ്യേന റിക്സ് കൂടുതലുള്ള ഓഹരി വിപണികളിലേക്ക് മാറ്റി. 2020-ലെ കോവിഡിന് ശേഷം ഓഹരി വിപണികള്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചതോടെയാണ് സമ്പന്നരുടെ നിക്ഷേപങ്ങള്‍ ഈ രംഗത്തേക്ക് കൂടുതലായി എത്തിയത്.

ആഡംബര റിയല്‍ എസ്റ്റേറ്റിന്‍റെ ഉയര്‍ച്ച

ഇന്ത്യയുടെ ആഡംബര റിയല്‍ എസ്റ്റേറ്റ് വിപണി 2024-ല്‍ അസാധാരണമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു, സാമ്പത്തിക വളര്‍ച്ച, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി മുന്‍ഗണനകള്‍ എന്നി കാരണം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം 2024-ല്‍ 51% വര്‍ദ്ധിച്ച് 2023-ലെ 5.88 ബില്യണ്‍ ഡോളറില്‍ നിന്ന് 8.87 ബില്യണ്‍ ഡോളറിലെത്തി. ആഗസ്റ്റില്‍ കോടീശ്വരന്‍ യോഹാന്‍ പൂനവല്ലയും മിഷേല്‍ പൂനവല്ലയും 500 കോടി രൂപ മുടക്കി ഒരു മാന്‍ഷന്‍ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രവാസി ഇന്ത്യക്കാരും ആഗോള നിക്ഷേപകരും റിയല്‍ എസ്റ്റേറ്റില്‍ കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.