സ്വർണ്ണ വിലയിൽ കുറവുണ്ടായതിന് പിന്നാലെ സ്വർണ്ണം മുൻ വർഷത്തേക്കാൾ നിരവധി പേരാണ് വാങ്ങാനെത്തിയത്

ദില്ലി: അക്ഷയ തൃതീയ ദിവസം രാജ്യത്ത് 23 ടൺ സ്വർണ്ണം വിറ്റുപോയെന്ന് ജുവല്ലറി ഉടമകളുടെ സംഘടന വ്യക്തമാക്കി. മുൻ വർഷത്തേക്കാൾ നാല് ടൺ അധികമാണ് ഇക്കുറി വിറ്റ സ്വർണ്ണം. സ്വർണ്ണ വില അക്ഷയ തൃതീയ ദിവസം കുറഞ്ഞത് കൂടുതൽ പേർ സ്വർണ്ണം വാങ്ങാൻ കാരണമായിട്ടുണ്ടാകുമെന്നാണ് ഉടമകൾ പറയുന്നത്.

ഫെബ്രുവരി 20 ന് പത്ത് ഗ്രാം സ്വർണ്ണത്തിന്റെ വില 34031 രൂപയായിരുന്നു. എന്നാൽ ഇതിന് ശേഷം സ്വർണ്ണ വിലയിൽ ഓരോ ദിവസവും ഏറ്റക്കുറച്ചിൽ വന്നുകൊണ്ടിരുന്നു. അക്ഷയ തൃതീയക്ക് തൊട്ടുതലേന്നാൾ പത്ത് ഗ്രാം സ്വർണ്ണത്തിന്റെ വില 31563 രൂപയായി. ഇതാവും അഖ്ഷയ തൃതീയ നാളിൽ കൂടുതൽ പേർ സ്വർണ്ണം വാങ്ങാൻ കാരണം എന്നാണ് കരുതുന്നത്.

ഈ വര്‍ഷം സ്വര്‍ണ ആഭരണങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരുമെന്ന് അക്ഷയ തൃതീയക്ക് മുൻപ് തന്നെ ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അതിന് അവര്‍ കാരണമായി പറഞ്ഞത് കുറഞ്ഞ് നില്‍ക്കുന്ന സ്വര്‍ണവിലയും മുന്‍ വര്‍ഷങ്ങളിലുണ്ടായ വില്‍പ്പന വളര്‍ച്ചയുമാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഈ ദിവസം അടുക്കുമ്പോഴേക്കും സ്വര്‍ണവിലയില്‍ വലിയ വര്‍ധന ദൃശ്യമായിരുന്നു. എന്നാല്‍, ഈ വര്‍ഷം അത്തരത്തില്‍ ഒരു വിലക്കയറ്റം ഉണ്ടായിട്ടില്ല. ഏപ്രില്‍ 25 ന് ഒരു പവന് 23,720 രൂപയായിരുന്ന സ്വര്‍ണ നിരക്ക് അക്ഷയ തൃതീയക്ക് തൊട്ടു തലേന്ന് 23,640 ലേക്ക് താഴ്ന്നിരുന്നു.