പുതിയ പദ്ധതികളും യാത്രാസൗകര്യങ്ങളും ഒരുക്കി ഇന്ത്യന്‍ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് ഈ രാജ്യങ്ങള്‍.

വിദേശയാത്രകള്‍ക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയമേറുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് 2026-ല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതികളും യാത്രാസൗകര്യങ്ങളും ഒരുക്കി ഇന്ത്യന്‍ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് ഈ രാജ്യങ്ങള്‍.

ലക്ഷ്യം 2.5 ലക്ഷം സഞ്ചാരികള്‍

ദക്ഷിണ കൊറിയയിലേക്ക് 2025 ജനുവരി മുതല്‍ നവംബര്‍ വരെ 1.87 ലക്ഷം ഇന്ത്യക്കാരാണ് എത്തിയത്. വര്‍ഷാവസാനത്തോടെ ഇത് 2 ലക്ഷം കടന്നതായി കൊറിയ ടൂറിസം ഓര്‍ഗനൈസേഷന്‍ റീജിയണല്‍ ഡയറക്ടര്‍ മ്യോങ് കില്‍ യുന്‍ പറഞ്ഞു. 2026-ല്‍ 2.5 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെയാണ് കൊറിയ ലക്ഷ്യമിടുന്നത്. കേവലം കാഴ്ചകള്‍ കാണുന്നതിനപ്പുറം വ്യത്യസ്തമായ അനുഭവങ്ങള്‍ക്കും ഭക്ഷണത്തിനും പ്രാദേശിക യാത്രകള്‍ക്കും ഇന്ത്യക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

മഞ്ഞുപെയ്യുന്ന ജപ്പാന്‍

ജപ്പാനിലെ പ്രശസ്തമായ സ്ഥലങ്ങള്‍ക്കപ്പുറം അധികമാരും അറിയാത്ത സെന്‍ഡായ്, നിക്കോ, മാറ്റ്‌സുമോട്ടോ, കനസാവ തുടങ്ങിയ സ്ഥലങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്താനാണ് ജപ്പാന്‍ നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ പദ്ധതി. മഞ്ഞുവീഴ്ച ആസ്വദിക്കാവുന്ന സ്ഥലങ്ങള്‍ക്കും ഗോള്‍ഫ് ടൂറിസത്തിനും ഇന്ത്യയില്‍ വലിയ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ഓസ്ട്രേലിയയിലേക്ക് തിരക്കേറും

2026-ല്‍ ഓസ്ട്രേലിയയിലേക്ക് 4.92 ലക്ഷം ഇന്ത്യക്കാര്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.4% വര്‍ധന. ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫോര്‍മുല വണ്‍ തുടങ്ങിയ കായിക മാമാങ്കങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കും. അതേസമയം, തായ്ലന്‍ഡ് ഈ വര്‍ഷം 25.5 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ബോളിവുഡും സിംഗപ്പൂരും

ഇന്ത്യന്‍ സഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് സിംഗപ്പൂരും തന്ത്രങ്ങള്‍ മാറ്റുകയാണ്. ബോളിവുഡുമായും കണ്ടന്റ് ക്രിയേറ്റര്‍മാരുമായും സഹകരിച്ച് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന്റെ നീക്കം.

പുതിയ വിമാനങ്ങള്‍, എളുപ്പത്തില്‍ വീസ

കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 83.9 ലക്ഷം ഇന്ത്യക്കാരാണ് വിദേശയാത്ര നടത്തിയത്. യുഎഇ, സൗദി അറേബ്യ, തായ്ലന്‍ഡ്, യുഎസ്, യുകെ എന്നിവയായിരുന്നു പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് ഗുണകരമാകും. നേരിട്ടുള്ള വിമാനങ്ങള്‍ വന്നതോടെ ഗ്രീസും, വൈന്‍ രുചികള്‍ക്ക് പേരുകേട്ട ജോര്‍ജിയയും ഇന്ത്യക്കാരുടെ ഇഷ്ടലിസ്റ്റില്‍ ഇടംപിടിക്കുന്നുണ്ട്. വീസയില്ലാതെ യാത്ര ചെയ്യാമെന്നതാണ് ഫിലിപ്പീന്‍സിനെ ആകര്‍ഷകമാക്കുന്നത്. കുറഞ്ഞ വിമാനക്കൂലിയും എളുപ്പത്തില്‍ ലഭിക്കുന്ന വീസയുമാണ് ഹ്രസ്വദൂര യാത്രകള്‍ക്ക് ഡിമാന്‍ഡ് കൂട്ടുന്നതെന്ന് മേക് മൈ ട്രിപ്പ് സിഇഒ രാജേഷ് മാഗോ വ്യക്തമാക്കി.