ഡോളറുമായും ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്തോനേഷ്യയുടെ കറൻസി മൂല്യവും ഇടിയുകയാണ്. നിലവിൽ 189 ഇന്തോനേഷ്യൻ റുപിയയാണ് ഒരു ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക്.

ദില്ലി: സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കിൽ മനുഷ്യപ്രയത്നം മാത്രം പോരെന്നും ദൈവപ്രീതി കൂടി വെണമെന്നുമാണ് ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ അഭിപ്രായം. അതിനായി കറൻസി നോട്ടിൽ ലക്ഷ്മീ ദേവിയുടെയും ​ഗണപതിയുടെയും ചിത്രം ആലേഖനം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. കറൻസിയിൽ ​ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യൻ നോട്ടാണ് അദ്ദേഹം ഉ​ദാഹരണമായി പറഞ്ഞത്. കെജ്രിവാളിന്റെ പരാമർശത്തിന് പിന്നാലെ ഇന്തോനേഷ്യയുടെ നോട്ടിന്റെ മൂല്യം അളന്ന് ഇറങ്ങിയിരിക്കുകയാണ് വിമർശകർ. ഇന്ത്യയുടെ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്തോനേഷ്യൻ കറൻസി ദുർബലമാണെന്നും കാര്യങ്ങൾ പഠിക്കാതെയാണ് കെജ്രിവാൾ അഭിപ്രായം പരഞ്ഞതെന്നും വിമർശനമുയർന്നു.

ഡോളറുമായും ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്തോനേഷ്യയുടെ കറൻസി മൂല്യവും ഇടിയുകയാണ്. നിലവിൽ 189 ഇന്തോനേഷ്യൻ റുപിയയാണ് ഒരു ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക്. അതായത് 5.27 ഇന്ത്യൻ രൂപ നൽകിയെങ്കിൽ മാത്രമേ 1000 ഇന്തോനേഷ്യൻ റുപിയ ലഭിക്കൂ. മൂല്യം കുറവായതുകൊണ്ടാണ് 20000 രൂപയുടെ ഒറ്റനോട്ട് അവർക്ക് പുറത്തിറക്കേണ്ടി വരുന്നത്. ഡോളറുമായി ഇന്തോനേഷ്യൻ റുപിയയെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപ എത്രയോ മുന്നിലാണ്.

15504 ഇന്തോനേഷ്യൻ റുപിയ നൽകിയെങ്കിൽ മാത്രമേ ഒരു അമേരിക്കൻ ഡോളർ ലഭിക്കൂ. അതേസമയം 82 രൂപയാണ് ഡോളറുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്ക്. ഈ വസ്തുതകൾ നിലനിൽക്കെയാണ് കെജ്രിവാൾ ഇന്തോനേഷ്യയെ ഉദാഹരിച്ച് നോട്ടിൽ ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്ന് വാദിച്ചത്. 

ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ ഇറക്കണമെന്ന് കെജ്രിവാള്‍

​ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെജ്രിവാളിന്റെ പ്രസ്താവനയെന്നും ശ്രദ്ധേയം. പ്രസ്താവനക്ക് പിന്നാലെ കെജ്രിവാളിനെതിരെ ബിജെപിയും കോൺ​ഗ്രസും രം​ഗത്തെത്തി. കെജ്രിവാളും എഎപിയും ബിജെപിയുടെ ബി ടീമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചപ്പോൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെജ്രിവാൾ ഭക്തി അഭിനയിക്കുകയാണെന്ന് ബിജെപിയും ആരോപിച്ചു. 

ഹിന്ദുക്കൾ ന്യൂനപക്ഷം, പക്ഷേ ഇന്തോനേഷ്യൻ കറൻസി നോട്ടിൽ ​ഗണപതിയുടെ ചിത്രം; കാരണമിത്