തിരുവനന്തപുരം: ടൂറിസം പഠനത്തിലെ ആഗോള പ്രവണതകളെക്കുറിച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) ശനിയും ഞായറുമായി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നതാണ്. കിറ്റ്സിന്‍റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം, യു എന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം സെപ്തംബര്‍ 28ന് കിറ്റ്സിന്‍റെ ആംഫി തിയേറ്ററില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും.
 
യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍റെ (യുഎന്‍ഡബ്ല്യുടിഒ) ലോകടൂറിസം ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യമായി ഇന്ത്യ മാറുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 'ടൂറിസവും ജോലിയും: എല്ലാവര്‍ക്കും മികച്ച ഭാവി' എന്നതാണ് ഇത്തവണത്തെ പ്രമേയം. 

'കേരള ടൂറിസം പിന്നിട്ട 30 വര്‍ഷത്തെ യാത്രയിലേക്ക് ഒരു തിരിഞ്ഞു നോട്ടം' എന്ന പ്ലീനറി സെഷനോട് കൂടിയാണ് സമ്മേളനം ആരംഭിക്കുക. ടൂറിസവും സാങ്കേതികവിദ്യയും, ഹെറിറ്റേജ് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, ഗ്യാസ്ട്രോണമി ടൂറിസം, മൈസ്& ക്രൂസ് ടൂറിസം, ലക്ഷ്വറി & വെല്‍നസ് ടൂറിസം എന്നിവയെക്കുറിച്ച് ആറ് സെഷനുകളിലായി ചര്‍ച്ച നടക്കും. ടൂറിസം വ്യവസായരംഗത്തെ പ്രമുഖരും ആഗോളതലത്തില്‍ അറിയപ്പെടുന്നവരും പരിചയസമ്പന്നരുമായ വ്യക്തികള്‍ സെഷനുകള്‍ നയിക്കും.