ദില്ലി: ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ പോകുന്ന സര്‍ക്കാരില്‍ വലിയ പ്രതീക്ഷയുളളതായി ഇന്ത്യയിലെ ഇറാനിയന്‍ സ്ഥാനപതി അലി ചെഗേനി. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുളള മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യ വാങ്ങല്‍ നിര്‍ത്തിയെങ്കിലും പുതിയതായി അധികാരത്തില്‍ എത്താന്‍ പോകുന്ന സര്‍ക്കാര്‍ ഇടപാട് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലി ചെഗേനി അഭിപ്രായപ്പെട്ടു. 

ഇന്ത്യ പിന്മാറിയാലും ഇറാന്‍ പിന്മാറില്ലെന്ന് വ്യക്തമാക്കിയിട്ടുളളതാണ്. ഇന്ത്യ പണ്ടത്തെപ്പോലെ തന്നെ ഇറാനെ സുഹൃത്തായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനും ഇന്ത്യയും തമ്മില്‍ ഊര്‍ജ്ജതലത്തിലുളള ബന്ധം ദൃഢമാണ്. അത് പരസ്പര സ്വീകാര്യത, സുസ്ഥിരത, സുരക്ഷ, വിശ്വാസ്യത എന്നിവയില്‍ അധിഷ്ഠിതമാണ്. ഈ ബന്ധം ഇന്ത്യയ്ക്കും ഇറാനും ഓരേപോലെ ഗുണകരമാണ്. ഇന്ത്യന്‍ രൂപയില്‍ എണ്ണ വില്‍ക്കാന്‍ തയ്യാറായ ആദ്യ രാജ്യമാണ് ഇറാനെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

യുഎസ് ഉപരോധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടപാടുകള്‍ നടത്താന്‍ ഡോളര്‍ ഇതര കറന്‍സിയിലുളള ബാര്‍ട്ടര്‍ പേമെന്‍റ് മാധ്യമമായ ഇന്‍സ്റ്റെക്സ്  പോലുളള സാധ്യതകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്. ഈ കൂട്ടായ്മയില്‍ ഇന്ത്യ അംഗമാകണമെന്ന് ഇന്ത്യയോട് ഇറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അലി ചെഗേനി കൂട്ടിച്ചേര്‍ത്തു.