2026 ലോകകപ്പ് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, യഥാർത്ഥ ലാഭം ഫിഫയ്ക്കും വൻകിട കമ്പനികൾക്കുമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ ചിലവിൽ ടൂർണമെന്റ് സംഘടിപ്പിക്കുമ്പോഴും, ഭീമമായ ടിക്കറ്റ് നിരക്കുകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഫുട്‌ബോള്‍ വെറുമൊരു ആവേശമല്ല, അതൊരു വമ്പന്‍ ബിസിനസ് കൂടിയാണ്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 2026 ലോകകപ്പ് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായി മാറിക്കഴിഞ്ഞു. ഈ ഫുട്‌ബോള്‍ മാമാങ്കം തങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയൊരു കുതിപ്പേകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയ രാജ്യങ്ങള്‍.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂര്‍ണമെന്റിനാണ് ഇത്തവണ അരങ്ങൊരുങ്ങിയിരിക്കുന്നത്. 39 ദിവസങ്ങളിലായി 48 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന 104 മത്സരങ്ങളാണ് മൂന്ന് രാജ്യങ്ങളിലെ 16 വേദികളിലായി നടക്കുന്നത്. ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയുടെ 75 ശതമാനം വരുന്ന 600 കോടിയോളം ജനങ്ങള്‍ ടിവിയിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും ഈ മത്സരങ്ങള്‍ കാണും. ഇത് പ്രക്ഷേപണ അവകാശം സ്വന്തമാക്കിയ ചാനലുകള്‍ക്കും വലിയ ചാകരയാണ്.
ചെലവ് കുറവ്; പഴയ സ്റ്റേഡിയങ്ങള്‍ അമേരിക്കയ്ക്ക് തുണയായി
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ഇത്തവണ സംഘാടകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതകളില്ല എന്നുള്ളതാണ് ഫിഫയെ ഏറെ സന്തോഷിപ്പിക്കുന്നത്. അമേരിക്കയില്‍ പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കേണ്ടി വന്നില്ല എന്നതുതന്നെ ഇതിന് പ്രധാന കാരണം. ഒളിമ്പിക്‌സ് പോലെയുള്ള വലിയ കായിക മേളകള്‍ വരുമ്പോള്‍ ആതിഥേയ രാജ്യങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍തുക ചിലവാക്കാറുണ്ട്. ഖത്തറും റഷ്യയും ജര്‍മ്മനിയുമൊക്കെ ശതകോടികളാണ് ഇതിനായി മുടക്കിയത്. എന്നാല്‍ അമേരിക്ക നിലവിലുള്ള വലിയ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ തന്നെയാണ് ലോകകപ്പിനായും ഉപയോഗിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ അമേരിക്കയുടെ ലോകകപ്പ് ബജറ്റ് വളരെ കുറവാണ്. വെറും 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 11,520 കോടി രൂപ) മാത്രമാണ് അമേരിക്കയുടെ ചിലവ്. ഇതില്‍ പകുതിയിലധികവും 11 നഗരങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കാണ് ചിലവാക്കിയത്. ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ 500 ദശലക്ഷം ഡോളറും (4,800 കോടി രൂപ), ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 100 ദശലക്ഷം ഡോളറും (960 കോടി രൂപ) ചിലവാക്കി.
2014 ബ്രസീല്‍ ലോകകപ്പ്: 12 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.15 ലക്ഷം കോടി രൂപ)
2018 റഷ്യ ലോകകപ്പ്: 14 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.34 ലക്ഷം കോടി രൂപ)
2022 ഖത്തര്‍ ലോകകപ്പ്: ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഖത്തര്‍ ചിലവാക്കിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായ 220 ബില്യണ്‍ ഡോളറാണ് (ഏകദേശം 21.12 ലക്ഷം കോടി രൂപ).
സാമ്പത്തിക കുതിപ്പോ അതോ വെറും കണക്കുകളോ?
ലോകകപ്പിലൂടെ വന്‍ സാമ്പത്തിക ലാഭമാണ് അമേരിക്കന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറിയ റിപ്പോര്‍ട്ട് പ്രകാരം, ലോകകപ്പ് അമേരിക്കയുടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (17 ബില്യണ്‍ ഡോളറിന്റെ (1.63 ലക്ഷം കോടി രൂപ) വര്‍ദ്ധനവ് ഉണ്ടാക്കുമെന്നും 1,85,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പറയുന്നത്. ഇതിന് പുറമെ ടിക്കറ്റ് ഇനത്തിലും മറ്റുമായി വിനോദസഞ്ചാരികള്‍ 11 ബില്യണ്‍ ഡോളര്‍ (1.05 ലക്ഷം കോടി രൂപ) ചിലവാക്കുമെന്നും കണക്കാക്കുന്നു. ആഗോളതലത്തില്‍ ഈ ലോകകപ്പ് 41 ബില്യണ്‍ ഡോളറിന്റെ (3.93 ലക്ഷം കോടി രൂപ) സാമ്പത്തിക ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഫിഫയുടെ അവകാശവാദം.
എന്നാല്‍ സാമ്പത്തിക വിദഗ്ദ്ധര്‍ ഈ കണക്കുകളെ പൂര്‍ണമായി വിശ്വസിക്കുന്നില്ല. ഹോളികരോസ് കോളേജിലെ സ്‌പോര്‍ട്‌സ് ഇക്കണോമിക്‌സ് പ്രൊഫസറായ വിക്ടര്‍ മാത്തസന്റെ അഭിപ്രായത്തില്‍ ഫിഫയുടെ ഈ കണക്കുകള്‍ പെരുപ്പിച്ചുകാണിക്കുന്നതാണ്. അമേരിക്കന്‍ ജനത ലോകകപ്പിനായി മുടക്കുന്ന പണം അവരുടെ മറ്റ് വിനോദങ്ങള്‍ക്കായി മാറ്റിവെച്ച തുക മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗോള്‍ഡ്മാന്‍ സാക്‌സിലെ അനലിസ്റ്റായ കെവിന്‍ ഡാലിയുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ ജിഡിപിയില്‍ വെറും 0.2% സ്വാധീനം മാത്രമെ ലോകകപ്പ് ഉണ്ടാക്കുകയുള്ളൂ. സാക്‌സോ ബാങ്കിന്റെ പഠനത്തിലും ലോകകപ്പ് അമേരിക്കയ്ക്ക് വലിയൊരു സാമ്പത്തിക വളര്‍ച്ച നല്‍കില്ലെന്ന് തന്നെയാണ് പറയുന്നത്.
വിനോദസഞ്ചാരികളെ അകറ്റി അമേരിക്കന്‍ നയങ്ങള്‍
ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്നവരില്‍ 40 ശതമാനവും (ഏകദേശം 50 ലക്ഷം പേര്‍) വിദേശികളായിരിക്കുമെന്നായിരുന്നു ഫിഫയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കുടിയേറ്റക്കാരോടുള്ള അമേരിക്കയുടെ കര്‍ശന നയങ്ങളും, പ്രസിഡന്റിന്റെ പ്രസ്താവനകളും, വിസ പ്രശ്‌നങ്ങളും, ഉയര്‍ന്ന ടിക്കറ്റ്-യാത്രാ നിരക്കുകളും വിദേശികളെ അമേരിക്കയില്‍ നിന്നും അകറ്റി. ഇതിന്റെ ഫലമായി അമേരിക്കയിലെ 11 ലോകകപ്പ് നഗരങ്ങളിലെ 80 ശതമാനം ഹോട്ടലുകളിലും പ്രതീക്ഷിച്ചതിലും കുറവ് ബുക്കിംഗ് മാത്രമാണ് ലഭിച്ചതെന്ന് ഹോട്ടല്‍ ആന്‍ഡ് ലോഡ്ജിംഗ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
യഥാര്‍ത്ഥ ലാഭം ഫിഫയ്ക്കും വന്‍കിട കമ്പനികള്‍ക്കും
ലോകകപ്പിലൂടെ ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ലാഭം? ഉത്തരം ഫിഫയ്ക്ക് എന്ന് തന്നെയാണ്. ആതിഥേയ രാജ്യങ്ങളിലെ നഗരങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തേക്കാള്‍ എത്രയോ ഇരട്ടി പണം ഫിഫയുടെയും അന്താരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികളുടെയും (അഡിഡാസ്, നൈക്കി, ശീതളപാനീയ കമ്പനികള്‍ തുടങ്ങിയവ) അക്കൗണ്ടുകളിലേക്കാണ് പോകുന്നത്. ഈ വര്‍ഷം മാത്രം ഏകദേശം 9 ബില്യണ്‍ ഡോളറാണ് (86,400 കോടി രൂപ) ഫിഫ വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇതില്‍ 3.017 ബില്യണ്‍ ഡോളറും (28,963 കോടി രൂപ) ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രമുള്ളതാണ്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഇത് വെറും 930 ദശലക്ഷം ഡോളര്‍ (8,928 കോടി രൂപ) മാത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിഫയുടെ ആകെ വരുമാനം 15 ബില്യണ്‍ ഡോളര്‍ (1.44 ലക്ഷം കോടി രൂപ) കടന്നേക്കാം. വളരെ കുറഞ്ഞ വാടകയ്ക്ക് സ്റ്റേഡിയങ്ങള്‍ സ്വന്തമാക്കി, ഭീമമായ തുകയ്ക്ക് ടിക്കറ്റുകളും സ്‌പോണ്‍സര്‍ഷിപ്പും വിറ്റഴിക്കുന്നതിലൂടെ ഫിഫ വന്‍ ലാഭമാണ് കൊയ്യുന്നത്.
ടിക്കറ്റ് നിരക്കില്‍ തീവില!
2026 ലോകകപ്പിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ടിക്കറ്റ് നിരക്കാണ്. ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 71,373 ഡോളറാണ് (ഏകദേശം 68.5 ലക്ഷം രൂപ). ഏറ്റവും കുറഞ്ഞ ടിക്കറ്റിന് പോലും 10,000 ഡോളര്‍ (9.6 ലക്ഷം രൂപ) നല്‍കണം. ഖത്തര്‍ ലോകകപ്പിനെ അപേക്ഷിച്ച് പത്തിരട്ടിയോളമാണ് ഈ വര്‍ദ്ധനവ്. ഒരു മത്സരം കാണാന്‍ 1,000 ഡോളര്‍ (96,000 രൂപ) ചിലവാക്കുമോ എന്ന ചോദ്യത്തിന്, 'ഞാന്‍ തീര്‍ച്ചയായും അവിടെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ആ തുക ഞാന്‍ കൊടുക്കില്ല' എന്നായിരുന്നു സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി.
എന്നാല്‍ ടിക്കറ്റ് നിരക്കിനെ ന്യായീകരിച്ചുകൊണ്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രംഗത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ വിനോദ വിപണിയായ അമേരിക്കയില്‍ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ചുള്ള 'ഡൈനാമിക് പ്രൈസിംഗ്' (ആവശ്യക്കാര്‍ കൂടുമ്പോള്‍ വില കൂടുന്ന രീതി) ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, ഈ വിലയിലും ഉയര്‍ന്ന നിരക്കിലാണ് പുറത്ത് ടിക്കറ്റുകള്‍ മറിച്ച് വില്‍ക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


