പ്രകൃതിക്ഷോഭത്തിന് ഉത്തരവാദിത്തമില്ല പ്രളയം, ഭൂകമ്പം, ഇടിമിന്നല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ലോക്കറിലെ സാധനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ ബാങ്കിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്ന് ആര്‍ബിഐ

സ്വര്‍ണവില കുതിക്കുന്ന സാഹചര്യത്തില്‍, ബാങ്ക് ലോക്കറുകളെ മാത്രം വിശ്വസിച്ച് ആഭരണങ്ങള്‍ സൂക്ഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍. ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന സുരക്ഷയ്ക്കും നഷ്ടപരിഹാരത്തിനും റിസര്‍വ് ബാങ്ക് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. മോഷണമോ തീപിടുത്തമോ ഉണ്ടായാല്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയല്ല ബാങ്ക് നഷ്ടപരിഹാരം നല്‍കുന്നത്. റിസര്‍വ് ബാങ്ക് നിയമപ്രകാരം, തീപിടിത്തം, മോഷണം, ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തട്ടിപ്പുകള്‍, കെട്ടിടം തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് ബാങ്കിന് ഉത്തരവാദിത്തമുള്ളത്. എന്നാല്‍ ഈ നഷ്ടപരിഹാരം ലോക്കറിന്റെ വാര്‍ഷിക വാടകയുടെ 100 ഇരട്ടി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ വര്‍ഷം 2,000 രൂപയാണ് ലോക്കര്‍ വാടകയായി നല്‍കുന്നതെങ്കില്‍, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമായിരിക്കും. നിലവിലെ വിപണി വിലയനുസരിച്ച് രണ്ട് പവന്‍ സ്വര്‍ണത്തിന്റെ വില പോലും ഇതിലും കൂടുതലാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് ഈ തുക തുച്ഛമായിരിക്കും.

പ്രകൃതിക്ഷോഭത്തിന് ഉത്തരവാദിത്തമില്ല പ്രളയം, ഭൂകമ്പം, ഇടിമിന്നല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ലോക്കറിലെ സാധനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ ബാങ്കിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. ഉപഭോക്താവിന്റെ അശ്രദ്ധ മൂലം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്കും ബാങ്ക് ഉത്തരവാദിയല്ല. ലോക്കറിലിരിക്കുന്ന സാധനങ്ങള്‍ക്ക് ബാങ്കുകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നില്ല. ലോക്കറിനുള്ളില്‍ എന്തൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ബാങ്കിന് അറിവില്ലാത്തതിനാലാണിത്. അതിനാല്‍ സ്വര്‍ണം ഇന്‍ഷുര്‍ ചെയ്യേണ്ടത് ഉപഭോക്താവിന്റെ ബാധ്യതയാണ്.

പരിഹാരങ്ങള്‍:

പ്രത്യേക ഇന്‍ഷുറന്‍സ്: ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ആഭരണങ്ങള്‍ക്കായി പ്രത്യേക പോളിസികള്‍ എടുക്കാം.

ഹോം ഇന്‍ഷുറന്‍സ് ആഡ്-ഓണ്‍: വീടിന് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അതില്‍ ആഭരണങ്ങള്‍ക്കും കൂടി അധിക പരിരക്ഷ ചേര്‍ക്കുന്നതാണ് ഏറ്റവും ലാഭകരമായ മാര്‍ഗം. ഇത് സ്വര്‍ണം ബാങ്ക് ലോക്കറിലിരിക്കുമ്പോഴും ധരിക്കുമ്പോഴും ഒരുപോലെ സുരക്ഷ നല്‍കും.

ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് : പുതിയ വഴി

ലോക്കറിന് പകരമായി സ്വര്‍ണം ബാങ്കില്‍ പണയം വെച്ച് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് സുരക്ഷിതമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ബാങ്ക് സ്വര്‍ണത്തിന്റെ മുഴുവന്‍ മൂല്യത്തിനും ഉത്തരവാദിത്തം ഏല്‍ക്കുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം പണം പിന്‍വലിച്ചാല്‍ മതി, പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ പാരമ്പര്യമായി കൈമാറി വന്ന ആഭരണങ്ങള്‍ ഇടയ്ക്കിടെ ഉപയോഗിക്കേണ്ടവര്‍ക്ക് ഈ രീതി പ്രായോഗികമായെന്നു വരില്ല.

ലോക്കര്‍ വാടകയ്‌ക്കൊപ്പം സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള ഇന്‍ഷുറന്‍സ് കൂടി ഉറപ്പാക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു