ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത് ഇന്ധനച്ചെലവ് വര്‍ധിക്കുന്നതിനും ചരക്ക് ഗതാഗത കൂലി കൂടുന്നതിനും ഇടയാക്കും

റാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണങ്ങള്‍ ആഗോള വിപണികളെ പിടിച്ചുലച്ചു. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ തടസ്സങ്ങളുണ്ടാകുമോ എന്ന ആശങ്കയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ശനിയാഴ്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 6 ഡോളറിലധികം വര്‍ധിച്ച് 78 ഡോളറിലെത്തി, ഇത് അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത് ഇന്ധനച്ചെലവ് വര്‍ധിക്കുന്നതിനും ചരക്ക് ഗതാഗത കൂലി കൂടുന്നതിനും ഇടയാക്കും. ആഗോള വ്യാപാരത്തിലുണ്ടായേക്കാവുന്ന ഈ പ്രതികൂല ഘടകങ്ങള്‍ അമേരിക്കന്‍ ഓഹരി വിപണിയിലും വലിയ ഇടിവുണ്ടാക്കി. ടെല്‍ അവീവിനുനേരെയുണ്ടായ ഇറാന്റെ വ്യോമാക്രമണങ്ങള്‍ പിരിമുറുക്കം കൂടുതല്‍ വര്‍ധിപ്പിച്ചു. സംഘര്‍ഷം എണ്ണ, വാതക വിലകളില്‍ സമീപകാലത്തേക്ക് വര്‍ധനവുണ്ടാക്കുമെങ്കിലും, എണ്ണ കയറ്റുമതിയെ ഇത് നേരിട്ട് ബാധിക്കുന്നില്ലെങ്കില്‍ വില സമ്മര്‍ദ്ദം നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് എസ്&പി ഗ്ലോബല്‍ കൊമോഡിറ്റി ഇന്‍സൈറ്റ്‌സിലെ വിദഗ്ദ്ധര്‍ പറയുന്നു.

ഇന്ത്യ ഇറാനില്‍ നിന്ന് വലിയ തോതില്‍ എണ്ണ നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും, രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ ഏകദേശം 80 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. ഇറാനു വടക്കും അറേബ്യന്‍ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ഒരു നിര്‍ണായക ചരക്ക് കടത്ത് മാര്‍ഗമാണ്. ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നുപോകുന്നത്.ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസ്സവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസ്സവും കയറ്റുമതിയെ ദോഷകരമായി ബാധിക്കും.. മുന്‍പ്, ഈ പ്രധാന പാത തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒപെക് ജൂലൈയില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ഉല്‍പ്പാദന വര്‍ധനവ് പ്രഖ്യാപിച്ചതോടെ, അടിസ്ഥാനപരമായി എണ്ണ വിപണികളില്‍ ആവശ്യത്തിന് എണ്ണയുണ്ടെന്നും ഇറാനില്‍ നിന്ന് എണ്ണയെത്തിയില്ലെങ്കിലും പ്രതിസന്ധി ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍