തിരുവനന്തപുരം: കുതിച്ചുയരുന്ന വിമാനയാത്ര നിരക്കില്‍ ഏപ്രില്‍ മാസത്തില്‍ കുറവ് വരുമെന്ന് പ്രമുഖ യാത്ര വെബ്സൈറ്റായ ഇക്സിഗോയുടെ നിഗമനം. ഏപ്രിലില്‍ 15 മുതല്‍ 20 ശതമാനം വരെ നിരക്കില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. തിരിച്ചടവിലെ വീഴ്ച, സുരക്ഷ പ്രശ്നങ്ങള്‍, പൈലറ്റുമാരുടെ ക്ഷാമം എന്നിവയാണ് ഇന്ത്യന്‍ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ഈ പ്രശ്നങ്ങള്‍ മൂലം നിരവധി വിമാന സര്‍വീസുകളാണ് മുടങ്ങിക്കിടക്കുന്നത്. 

ഇതോടെ പ്രധാന റൂട്ടുകളിലെ അവസാനഘട്ട ബുക്കിംഗിലെ നിരക്ക് 200 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. സാധാരണ പകല്‍ സമയത്തെ നിരക്കുകളിലും 50 ശതമാനത്തിന്‍റെ വരെ വര്‍ധനയാണുണ്ടായത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ശരാശരി 35 മുതല്‍ 40 ശതമാനം വരെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 

വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയോഷന്‍ (ഡിജിസിഎ) രാജ്യത്തെ വിമാനക്കമ്പനികളുടെ യോഗം വിളിച്ചിരുന്നു. സീറ്റിംഗ് ശേഷി വര്‍ധിപ്പിച്ച് നിരക്ക് കുറയ്ക്കാന്‍ ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. ജെറ്റ് എയര്‍വേസ് പ്രതിസന്ധിയും, ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച സംശയങ്ങളും പൈലറ്റുമാരുടെ ക്ഷാമവുമാണ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വര്‍ധിക്കുന്ന പ്രതിസന്ധിക്ക് കാരണം. 

ഏപ്രില്‍ അവസാനത്തോടെ 40 എയര്‍ക്രാഫ്റ്റുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കുമെന്ന ജെറ്റ് എയര്‍വേസിന്‍റെ ഉറപ്പ് പ്രതീക്ഷ തരുന്നതാണ്. നിലവില്‍ 35 സര്‍വീസുകള്‍ മാത്രമാണ് ജെറ്റ് നടത്തിവരുന്നത്. പൈലറ്റുമാരുടെ ക്ഷാമം മൂലം 30 ഓളം വിമാനങ്ങള്‍ റദ്ദ് ചെയ്ത ഇന്‍ഡിഗോ ഇപ്പോള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ജെറ്റ് എയര്‍വേസിന്‍റെ എയര്‍ക്രാഫ്റ്റുകള്‍ പാട്ടത്തിന് എടുത്ത് സര്‍വീസ് നടത്താന്‍ സ്പൈസ് ശ്രമങ്ങള്‍ നടത്തിവരുകയാണ്.