ആലിബാബയുടെ ഉടമയായ ജാക്ക് മായുടെ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ 996 തിയറി ഇന്ത്യക്കാരുടെ വ്യവസായ സാധ്യതകള്‍ വര്‍ധിക്കാനും ഉല്‍പ്പാദനം ഉയര്‍ത്താനും ഉപകരിക്കുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഓരോ ജീവനക്കാരനും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് അഭിപ്രായപ്പെടുന്ന ജാക്ക് മായുടെ ജോബ് തിയറിയാണ് 996. സാങ്കേതിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ചാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്.   

രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ ആഴ്ചയില്‍ ആറ് ദിവസം ഒരാള്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ജാക്ക് മായുടെ തിയറിയാണ് 996. ആലിബാബയുടെ ഉടമയുടെ ഈ അഭിപ്രായം പുറത്ത് വന്നതിന് പിന്നാലെ വന്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഈ തിയറിയാണ് ഇപ്പോള്‍ ഗ്ലോബല്‍ ടൈംസ് ഇന്ത്യന്‍ ഉല്‍പ്പാദന വ്യവസായത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

996 നെ സ്വീകരിക്കുകയാണെങ്കില്‍ വ്യവസായ പരിസ്ഥിതി മികച്ചതാക്കാനും വിദേശ നിക്ഷേപം വലിയ തോതില്‍ രാജ്യത്തേക്ക് എത്തിക്കാനും ഉല്‍പ്പാദന മേഖലയില്‍ മത്സരക്ഷമത വര്‍ധിപ്പാക്കാനും ഇന്ത്യയ്ക്ക് കഴിയുമെന്നും ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെടുന്നു. 

ഇന്ത്യന്‍ ഉല്‍പാദന മേഖല വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച നിരക്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം ഉല്‍പാദന മേഖലയില്‍ 3.6 ശതമാനമാണ് വളര്‍ച്ച നിരക്ക്. മുന്‍ വര്‍ഷം ഇത് 4.4 ശതമാനമായിരുന്നു. 

'ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാനാകില്ല'

ജാക്ക് മായുടെ തിയറി ഇന്ത്യയ്ക്ക് പാഠമാണെന്നാണ് ചൈനീസ് മാധ്യമം അഭിപ്രായപ്പെടുന്നത്. പ്രവര്‍ത്തനക്ഷമമല്ലാത്ത ഉല്‍പ്പാദന മേഖലയെ ഉപയോഗിച്ച് ഇന്ത്യയ്ക്ക് ഒരിക്കലും ചൈനയെ മറികടക്കാനാകില്ല, അതുകൊണ്ടാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുളള ഇന്ത്യയുടെ പദ്ധതി നടപ്പാകാതെ പോകുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. 

കഴിഞ്ഞ ദിവസം 996 ന് പിന്നാലെ ജീവിതത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും 669 എന്ന പുതിയ തിയറിയും ജാക്ക് മാ തന്‍റെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. അതും ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. 

ഒരാള്‍ ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്സില്‍ ഏര്‍പ്പെടണമെന്നാണ് ആലിബാബയുടെ ഉടമ പറയുന്നത് 669 തിയറിയിലൂടെ പറയുന്നത്. വെള്ളിയാഴ്ച തന്‍റെ ജീവനക്കാരുടെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആശയത്തെയാണ് അദ്ദേഹം ചുരുക്കി 669 എന്ന് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഒന്‍പത് എന്നത് ചൈനീസില്‍ ദീര്‍ഘനേരം എന്ന അര്‍ഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്. 

ജാക്ക് മായുടെ പ്രതികരണം പുറത്ത് വന്നതോടെ പ്രതിഷേധവും ശക്തമായി. ജാക്ക് മാ ജനസംഖ്യ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് തീയറിയാണ് അവതരിപ്പിച്ചതെന്ന് ചിലര്‍ വാദിച്ചു. ആലിബാബ അവരുടെ ഔദ്യോഗിക വീബോ പേജില്‍ സംഭവം പോസ്റ്റ് ചെയ്തിരുന്നു. 102 വധൂവരന്മാര്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് ജാക്ക് മായുടെ വിവാദമായ പ്രസംഗം അരങ്ങേറിയത്.