മുംബൈ: പ്രതിസന്ധിയില്‍ പ്രവര്‍ത്തനം നിലച്ച വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസില്‍ നിന്ന് കൂട്ടരാജി. ജെറ്റ് എയര്‍വേസ് തലപ്പത്ത് നിന്ന് മൂന്ന് പേരാണ് രാജിവച്ചത്. 

സിഇഒ വിജയ് ദുംബെ, ഡെപ്യുട്ടി സിഇഒയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍, എച്ച് ആര്‍ മേധാവി രാഹുല്‍ തനേജ എന്നിവരാണ് രാജിവച്ചത്. കമ്പനി തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് രാജിവച്ചതെന്ന് സൂചന.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഗര്‍വാള്‍ രാജിവച്ചത്. പിന്നാലെ കാരണങ്ങള്‍ വ്യക്തമാക്കാതെ വിനയ് ദുബെയും തനേജയും രാജി സമര്‍പ്പിക്കുകയായിരുന്നു. ജെറ്റിന്‍റെ ഓഹരികള്‍ വിറ്റഴിച്ച് കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോഷ്യം. 

നിലവില്‍ ജെറ്റില്‍ ഓഹരി പങ്കാളിത്ത്വമുളള ഇത്തിഹാദ് എയര്‍വേസ് ഓഹരി വില്‍ക്കാനുളള ബിഡില്‍ പങ്കെടുത്തിട്ടുണ്ട്. 1,700 കോടി രൂപ അധികമായി കമ്പനിയില്‍ നിക്ഷേപിക്കാമെന്നാണ് ഇത്തിഹാദ് അറിയിച്ചിട്ടുളളത്. എന്നാല്‍, ഈ തുക കമ്പനിയെ വീണ്ടെടുക്കാന്‍ പര്യാപ്തമല്ല. 

പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന ഏപ്രില്‍ 17 നാണ് ജെറ്റ് എയര്‍വേസ് അടച്ചുപൂട്ടിയത്. 2017 ഓഗസ്റ്റിലാണ് വിനയ് ദുബെ വിമാനക്കമ്പനിയുടെ സിഇഒയായി സ്ഥാനമേറ്റെടുത്തത്.