ദില്ലി: ഇന്ത്യയ്ക്ക് പുറത്ത് പോകണമെങ്കില്‍ ബാങ്ക് ഗാരന്‍റിയായി 18,000 കോടി രൂപ കെട്ടിവയ്ക്കാന്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനോട് ദില്ലി ഹൈക്കോടതി പറഞ്ഞു. ജെറ്റ് എയര്‍വേസിനായി വായ്പ നല്‍കിയവര്‍ക്ക് കടബാധ്യത ഇനത്തില്‍ 18,000 കോടി രൂപ നല്‍കാനുണ്ടെന്നും അതിനാല്‍ രാജ്യത്തിന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഗോയലും ഭാര്യ അനിത ഗോയലും നേരത്തെ വിദേശ യാത്ര നടത്താന്‍ ശ്രമിച്ചപ്പോള്‍ മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഗോയല്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നയം വ്യക്തമാക്കിയത്. ഇതോടൊപ്പം നേരത്തെ പുറത്തിറക്കിയ തിരച്ചില്‍ സര്‍ക്കുലറില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നാലാഴ്ചത്തെ സമയവും അനുവദിച്ചു.