ദില്ലി: ജെറ്റ് എയര്‍വേസിന് താല്‍ക്കാലികമായി പൂട്ടുവീണേക്കുമെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ജെറ്റ് എയര്‍വേസ് കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്ന വിവരങ്ങളെ തുടര്‍ന്ന് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ജെറ്റ് ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു.

തീരുമാനം എടുക്കുന്നത് എല്ലാവശവും പരിശോധിച്ച ശേഷം മാത്രമാകും എന്നാണ് ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് നല്‍കുന്ന സൂചന. വ്യോമയാന മേഖലയിലെ വിദഗ്ധരുമായി ബാങ്കുകളുടെ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരുകയാണ്. 

ഇരുപത്തി അഞ്ച് വര്‍ഷമായി വ്യോമയാന രംഗത്ത് സേവനം നടത്തുന്ന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏപ്രില്‍ 18 മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതിനിടെ ജെറ്റ് പ്രതിസന്ധി നിയന്ത്രണത്തിനും അപ്പുറത്തേക്ക് വളര്‍ന്നതായി ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.