ജെറ്റ് എയര്‍വേസ് സ്ഥാപകനായ നരേഷ് ഗോയല്‍ വിമാനക്കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ബിഡ് സമര്‍പ്പിച്ചേക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ദില്ലി: കടക്കെണിയില്‍ മുങ്ങിയ ജെറ്റ് എയര്‍വേസിന്‍റെ പ്രതിസന്ധി വര്‍ധിക്കുന്നു. ഇന്ന് ജെറ്റിന്‍റെ 14 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ജെറ്റ് എയര്‍വേസിന്‍റെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 20 ന് താഴേക്ക് എത്തിയതോടെ ജെറ്റിന്‍റെ വിദേശ സര്‍വീസ് നടത്താനുളള യോഗ്യത നഷ്ടമായേക്കും. 

ഇക്കാര്യങ്ങള്‍ വ്യോമയാന മന്ത്രാലയം പരിശോധിച്ച് വരികയാണെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വ്യോമയാന നിയമ പ്രകാരം അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ഒരു വിമാനക്കമ്പനിക്ക് കുറഞ്ഞത് 20 വിമാന സര്‍വീസുകള്‍ വേണം. 

ജെറ്റ് എയര്‍വേസ് സ്ഥാപകനായ നരേഷ് ഗോയല്‍ വിമാനക്കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ബിഡ് സമര്‍പ്പിച്ചേക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയാണ് ബിഡ് സമര്‍പ്പിക്കാനുളള അവസാന തീയതി. എന്നാല്‍, ഈ വാര്‍ത്തകളോട് വിമാനക്കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളായ ബാങ്ക് കണ്‍സോഷ്യം പ്രതികരിക്കാന്‍ തയ്യാറായില്ല. ബാങ്കുകളുടെ കൂട്ടായ്മ ജെറ്റ് എയര്‍വേസിലേക്ക് 1,500 കോടി രൂപ എത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ നടപടിക്ക് ഇതുവരെ അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായിട്ടില്ല.