ദില്ലി: ഏപ്രില്‍ ഒന്ന് മുതല്‍ ജെറ്റ് എയര്‍വെയ്സ് പൈലറ്റുമാര്‍ സമരത്തിന്. ജനുവരി മുതലുള്ള ശമ്പളം ലഭിക്കാത്തതാണ് സമരത്തിന് കാരണം.  മാര്‍ച്ച് 31 നുള്ളില്‍ തരാനുള്ള ശമ്പളത്തെക്കുറിച്ച് വ്യക്തമായ വിവരം തന്നില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് പൈലറ്റുമാരുടെ തീരുമാനം. ജനുവരി മുതലുള്ള ശമ്പളമാണ് പൈലറ്റുമാര്‍ക്ക് ലഭിക്കാത്തത്. എന്നാല്‍ ഡിസംബറിലെ ശമ്പളവും പൂര്‍ണ്ണമായി ലഭിച്ചില്ലെന്ന് പൈലറ്റുമാര്‍ ആരോപിക്കുന്നു. 

25 വര്‍ഷത്തെ സര്‍വ്വീസിനിടെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ജെറ്റ് എയര്‍വെയ്സ്. 
മാര്‍ച്ച് അവസാനത്തോട് കൂടി കമ്പനിക്ക് 1500 കോടി രൂപ എസ്ബിഐയില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പണം ലഭിക്കാതിരുന്നതിനാല്‍ ശമ്പളം കൊടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.