തങ്ങൾക്ക് സംപ്രേക്ഷണാവകാശമുള്ള ബോളിവുഡ് ചിത്രങ്ങൾ നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ച് സീ എന്റർടൈൻമെന്റിനെതിരെ ജിയോസ്റ്റാർ നിയമനടപടി ആരംഭിച്ചു. 250 കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടേക്കാവുന്ന ഈ കേസ്, ഇന്ത്യൻ വിനോദ വ്യവസായത്തിലെ രണ്ട് വമ്പന്മാർ തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാക്കുന്നു.

ഇന്ത്യയിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളായ ജിയോസ്റ്റാറും (JioStar) സീ എന്റർടൈൻമെന്റും (Zee Entertainment) തമ്മിലുള്ള നിയമപോരാട്ടം പുതിയ തലത്തിലേക്ക്. തങ്ങൾക്ക് സംപ്രേക്ഷണാവകാശമുള്ള നിരവധി ബോളിവുഡ് ചിത്രങ്ങൾ സീ ടിവി നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ച് റിലയൻസ്- ഡിസ്നി സഖ്യത്തിന്റെ മാധ്യമ സംരംഭമായ ജിയോസ്റ്റാർ നിയമനടപടി ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Add Asianetnews as a Preferred SourcegooglePreferred

ദില്ലി ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ മേയ് 4 ന് ആണ് ജിയോസ്റ്റാർ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം തങ്ങൾക്ക് സംപ്രേഷണാവകാശമുള്ള 12 ബോളിവുഡ് ചിത്രങ്ങൾ 20 തവണയോളം സീ അനുമതിയില്ലാതെ ടെലികാസ്റ്റ് ചെയ്തെന്നാണ് ജിയോസ്റ്റാറിന്റെ ആരോപണം. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ആമിർ ഖാന്റെ സൂപ്പർഹിറ്റ് ചിത്രം 'ദംഗൽ', ക്ലാസിക് ചിത്രങ്ങളായ 'ദീവാർ', 'ത്രിദേവ്' എന്നിവ ഇതിൽപ്പെടുന്നു.

250 കോടി രൂപയുടെ നഷ്ടപരിഹാരം?

120 പേജുള്ള ഹർജിയിൽ സീ എന്റർടൈൻമെന്റിനെ ഒരു 'സ്ഥിരം നിയമലംഘകൻ' (Habitual Infringer) എന്നാണ് ജിയോസ്റ്റാർ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പകർപ്പവകാശ ലംഘനത്തിന് ഏകദേശം 250 കോടിയിലധികം രൂപ ജിയോസ്റ്റാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടേക്കുമെന്നാണ് ഈ രംഗത്തുനിന്നുള്ള സൂചനകൾ. എന്നാൽ, ചില ചിത്രങ്ങളുടെ കാര്യത്തിൽ തങ്ങൾക്ക് നിർമ്മാണ കമ്പനികളിൽ നിന്ന് കൃത്യമായ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് സീ ഗ്രൂപ്പ് വാദിക്കുന്നത്.

നിലവിൽ കേസ് തുട‍‌ർ വാദങ്ങൾക്കായി ദില്ലി ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വരും ദിവസങ്ങളിൽ മധ്യസ്ഥതയിലൂടെ പരിഹാരമായില്ലെങ്കിൽ വിഷയം കോടതിയിലേക്ക് നീങ്ങും. മേയ് 25 ന് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ സീ എന്റർടൈൻമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാധ്യമരംഗത്തെ വമ്പന്മാർ തമ്മിലുള്ള പോര്

ഇന്ത്യൻ വിനോദ വ്യവസായ രംഗത്തെ ഏറ്റവും വലിയ രണ്ട് കമ്പനികൾ തമ്മിലുള്ള പോരാട്ടം ഇതാദ്യമായല്ല. നേരത്തെ തകർന്നടിഞ്ഞ ഒരു ക്രിക്കറ്റ് സംപ്രേക്ഷണ കരാറുമായി ബന്ധപ്പെട്ട് ലണ്ടനിൽ ഇരുകമ്പനികളും തമ്മിൽ ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) നിയമപോരാട്ടം നടക്കുന്നുണ്ട്. ഇതിനു പുറമേ, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജിയോസ്റ്റാർ തങ്ങളുടെ അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിച്ചു എന്ന് കാണിച്ച് സീ ഗ്രൂപ്പ് 3 മില്യൺ ഡോളറിന്റെ മറ്റൊരു കേസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിനിമകളുടെ അവകാശം ഉന്നയിച്ച് ജിയോസ്റ്റാറിന്റെ തിരിച്ചടി.

2024 ൽ റിലയൻസും വാൾട്ട് ഡിസ്നിയും ഒന്നിച്ച് 8.5 ബില്യൺ ഡോളറിന്റെ ലയനത്തിലൂടെ രൂപീകരിച്ചതാണ് ജിയോസ്റ്റാർ. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഒ ടി ടി പ്ലാറ്റ്ഫോമാണിത്. ഇന്ത്യൻ വിനോദ വിപണിയിലെ തങ്ങളുടെ മേധാവിത്വം നിലനിർത്താനും പക‍ർപ്പവകാശം സംരക്ഷിക്കാനും കമ്പനികൾ തമ്മിൽ നടത്തുന്ന കടുത്ത മത്സരത്തിന്റെ നേർക്കാഴ്ചയാണ് ഈ പുതിയ നിയമയുദ്ധം.