തിരുവനന്തപുരം: പ്രളയം തകര്‍ത്ത ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്തുകയാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍.  ജോയ് ഹോംസ് പദ്ധതിയിലൂടെയാണ് പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ ജോയ് ആലുക്കാസ് പുതുക്കിപ്പണിത് നല്‍കുന്നത്. തന്‍റെ ജീവിതസ്വപ്നങ്ങളെല്ലാം പ്രളയത്തില്‍ ഒലിച്ചുപോയ സങ്കടത്തില്‍  കഴിഞ്ഞുവരികയായിരുന്ന നിരവധി ജീവിതങ്ങള്‍ക്കാണ് ആലുക്കാസ് ഭവനങ്ങള്‍ നിര്‍മിച്ചു സ്നേഹക്കൂടൊരുക്കുന്നത്.

15 കോടി രൂപയാണ് പദ്ധതിക്കായി ഫൗണ്ടേഷന്‍ നീക്കിവച്ചിരിക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും മറ്റ് അഭ്യുദയകാംക്ഷികളും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മുഖേന പ്രളയ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി 250 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ 65 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറാന്‍ സാധിച്ചു ശേഷിക്കുന്നവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. അതാത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് വീടിന് അര്‍ഹരായ വ്യക്തികളെ ഫൗണ്ടേഷന്‍ കണ്ടെത്തിയത്. 

പ്രളയത്തിന്‍റെ സൃഷ്ടിച്ച ദു:ഖം മാറ്റി സന്തോഷത്തിന്‍റെ വീടുകള്‍ നിര്‍മിക്കുകയെന്നതാണ് 'ജോയ് ഹോംസ്' പദ്ധതിയിലൂടെ ആലുക്കാസ് ലക്ഷ്യം വയ്ക്കുന്നത്. 500 ചതുരശ്ര അടി വലുപ്പത്തില്‍ രണ്ട് കിടപ്പുമുറികളും ഡൈനിങ്- ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോണ്‍ക്രീറ്റ് വീടുകളാണ് നിര്‍മ്മിച്ച്‌ നല്‍കുന്നത്.

കേരളത്തിലെ പ്രളയ ബാധിതമായ സ്ഥലങ്ങളില്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അതാത് പ്ലോട്ടുകള്‍ക്ക് അനുയോജ്യവുമായ വീടുകളാണ് വിദഗ്ദ്ധരായ ആര്‍കിടെക്ടുകളെ കൊണ്ട് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച്‌ നല്‍കുന്നതെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസ് അറിയിച്ചു.  

ഭവനനിർമ്മാണം, ആതുരസേവനം, വിദ്യാഭ്യാസ സഹായം തുടങ്ങിയ മേഖലകളിലെല്ലാം മികച്ച മാതൃകയാണ് ഇപ്പോള്‍ ഗ്രൂപ്പിന്‍റെ കീഴിലുളള ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ഭാര്യ ജോളി ആലുക്കാസും ഓരോ ജോയ് ഹോംസിന്‍റെ രൂപകൽപനയിലും നിർമിതിയിലും സവിശേഷ ശ്രദ്ധ നൽകിയിട്ടുണ്ട്. ഇത് വീടുകളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാകാന്‍ സഹായിച്ചിട്ടുണ്ട്.