Asianet News MalayalamAsianet News Malayalam

'അനര്‍ഹർക്കുള്ള ക്ഷേമപെന്‍ഷന്‍ തടയും', ഇല്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്ന് കെ എന്‍ ബാലഗോപാല്‍

60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹരെ പട്ടികയിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മന്ത്രി

K N Balagopal said that many ineligible people have crossed the list of welfare pensioners in the state
Author
First Published Nov 30, 2022, 9:35 AM IST

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 52 ലക്ഷത്തോളം ആളുകളുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അനര്‍ഹരെ കണ്ടെത്തി പുറത്താക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ സേവനങ്ങള്‍ക്കുള്ള നിരക്കുകളും മറ്റ് ഫീസുകളും കാലാനുസൃതമായി മാറ്റം വരുത്തി സര്‍ക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പുതിയ സംസ്ഥാന ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി വിവിധ ഇനങ്ങളിലായി സംസ്ഥാനത്ത് പെന്‍ഷന്‍ ലഭിക്കുന്നവരുടെ എണ്ണം 52 ലക്ഷത്തിലധികമാണ്. പ്രതിമാസം 1600 രൂപയാണ് പെന്‍ഷന്‍. സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നാളുകള്‍ ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 85 ലക്ഷം കുടുംബങ്ങളുള്ള കേരളത്തില്‍ ഇത്രയും ആളുകള്‍ പെന്‍ഷന്‍ മാനദണ്ഡപ്രകാരം  അര്‍ഹരാണോയെന്ന പരിശോധനയിലേക്ക് കടക്കാനാണ് ധനകാര്യ വകുപ്പിന്‍റെ നീക്കം. അര്‍ഹരായ ആളുകള്‍ക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കുന്നുള്ളുവെന്ന് ഉറപ്പാക്കും. അനര്‍ഹരെ ഒഴിവാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് ക്ഷേമനിധി പെന്‍ഷന്‍ വിതരണം വലിയ ബാധ്യതയായി മാറുമെന്നാണ് ധനവകുപ്പിന്‍റെ നിലപാട്.

വിപലുമായ ക്ഷേമപെന്‍ഷന്‍ വിതരണം ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പരിശോധനക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്. എന്നാല്‍ പരിശോധനക്കെതിരെ  പ്രാദേശികമായും  രാഷ്ട്രീയമായും  എതിര്‍പ്പുയരാനുള്ള സാധ്യതയും ധനവകുപ്പ് മുന്നില്‍ കാണുന്നുണ്ട്. വിവിധ സര്‍ക്കാര്‍ ഫീസുകളും സേവന നിരക്കുകളും കൂട്ടുന്ന കാര്യവും വരുന്ന ബജറ്റില്‍ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കും ഒരേ നിരക്കെന്ന പതിവ് മാറ്റുമെന്നും വിവിധ മേഖലകളില്‍ ഫീസുകള്‍ പുതുക്കി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios