Asianet News MalayalamAsianet News Malayalam

കേരളത്തിന് വീണ്ടും അഭിമാന നിമിഷം; കേരള ബാങ്കിന് തുടർച്ചയായ മൂന്നാം വർഷവും ദേശീയ തലത്തിൽ പുരസ്കാരം 

ഗോപി കോട്ടമുറിക്കലിനെ നാഫ്സ്കോബിന്റെ സ്ഥിരം ഭരണസമിതി അംഗമായി യോഗം തെരഞ്ഞെടുത്തു.

Kerala Bank bags national award consecutive year prm
Author
First Published Sep 29, 2023, 1:25 AM IST

തിരുവനന്തപുരം: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷവും കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ്. സഹകരണ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്  (NAFSCOB) ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് കേരള ബാങ്കിന് തുടർച്ചയായി മൂന്നാം വർഷവും ലഭിച്ചത്.

ബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, വിഭവ സമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരത രംഗത്തുണ്ടായ മുന്നേറ്റം, മികച്ച പ്രശ്നപരിഹാര സമ്പ്രദായം, മികച്ച ഭരണ നേട്ടം, ഭരണ നൈപുണ്യം, വിവര സാങ്കേതികവിദ്യയിലും ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും കൈവരിച്ച നേട്ടം തുടങ്ങിയവ പരിഗണിച്ചാണ് ദേശീയ തലത്തിൽ പ്രവർത്തന മികവിനുള്ള ഓവർ ഓൾ പെർഫോമൻസ് അവാർഡ് തുടർച്ചയായി നൽകിയത്. സഹകരണ മേഖലയിൽ നിലനിന്നിരുന്ന ത്രിതല സംവിധാനത്തിന് പകരം ഗ്രാമീണ ജനതയ്ക്കും കർഷകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ദ്വിതല സംവിധാനം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും വിലയിരുത്തി.

സെപ്റ്റംബർ 26ന് രാജസ്ഥാനിലെ ജയ്‍പൂരിൽ വച്ചു നടന്ന ചടങ്ങിൽ കേരള സംസ്ഥാന സഹകരണ ബാങ്കിനു വേണ്ടി ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സി. സഹദേവൻ എന്നിവർ രാജസ്ഥാൻ സംസ്ഥാന സഹകരണ  വകുപ്പ് സെക്രട്ടറി ശ്രേയ ഗുഹയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഗോപി കോട്ടമുറിക്കലിനെ നാഫ്സ്കോബിന്റെ സ്ഥിരം ഭരണസമിതി അംഗമായി യോഗം തെരഞ്ഞെടുത്തു.

Follow Us:
Download App:
  • android
  • ios