സംസ്ഥാനത്ത് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി 900 കോടി രൂപയാണ് ചെലവ്.

റ്റന്നാള്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ സാധാരണക്കാര്‍ ഉറ്റുനോക്കുന്നത് ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമോ എന്നുള്ളതാണ്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്ന് ക്ഷേമപെന്‍ഷന്‍ 2500 രൂപ ആക്കി ഉയര്‍ത്തും എന്നതായിരുന്നു. എന്നാല്‍ നിലവില്‍ 1600 രൂപ വീതമാണ് പ്രതിമാസം ക്ഷേമ പെന്‍ഷന്‍ ആയി നല്‍കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തണമെന്ന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന് മുന്നോടിയായി ആവശ്യം ഉയര്‍ന്നെങ്കിലും ധനമന്ത്രി അക്കാര്യം പരിഗണിച്ചില്ല. അടുത്തവര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകടനപത്രിക വാഗ്ദാനം നടപ്പിലാക്കണമെങ്കില്‍ വരാനിരിക്കുന്ന ബജറ്റിലും അടുത്തവര്‍ഷത്തെ ബജറ്റിലും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന ഉള്‍പ്പെടുത്തേണ്ടിവരും.

അതേസമയം ക്ഷേമപെന്‍ഷനില്‍ ചെറിയ വര്‍ദ്ധന ഏര്‍പ്പെടുത്തുന്ന കാര്യം ധനമന്ത്രിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളായി അനധികൃതമായി പെന്‍ഷന്‍ പറ്റുന്നവരെ തിരിച്ചറിഞ്ഞ് നടപടികള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ ക്ഷേമ പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നത് വഴി ചെലവ് കുറയ്ക്കാം എന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ. 

സംസ്ഥാനത്ത് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി 900 കോടി രൂപയാണ് ചെലവ്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചാല്‍ ഉണ്ടാകുന്ന അധിക ബാധ്യതയാണ് ധനവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. അതേസമയം അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നുള്ളതും സര്‍ക്കാര്‍ പരിഗണിക്കേണ്ടി വരും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടില്ല. 2021ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ ആണ് ക്ഷേമപെന്‍ഷന്‍ അവസാനമായി കൂട്ടിയത്. അന്ന് 100 രൂപ കൂട്ടിയാണ് പെന്‍ഷന്‍ 1600 രൂപ ആക്കിയത്.