കേന്ദ്ര നയം തിരിച്ചടിയാണെങ്കിലും തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കുമെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി അധികം വകയിരുത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റിലാണ് ധനമന്തിയുടെ പ്രഖ്യാപനം. കേന്ദ്ര നയം തിരിച്ചടിയാണെങ്കിലും തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കുമെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാ​ഗമായമാണ് സംസ്ഥാനം അധിക തുക വകയിരുത്തുന്നുതെന്ന് കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേന്ദ്രം നടത്തിയ പുതിയ ഇടപെടലുകൾക്കിടയിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ അധിക തുക ആവശ്യമായി വരുമെന്നും 1000 കോടി ഇതിനായി നീക്കിവെക്കുന്നുവെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി. സാധാരണക്കാരായ തൊഴിലാളികൾക്ക് വേതനവും തൊഴിൽ ദിനങ്ങളും ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകുമെന്ന് കെഎൻ ബാലഗോപാൽ വ്യക്തമാക്കി പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ സർക്കാർ തുടക്കത്തിൽതന്നെ പ്രതിഷേധം അറിയിച്ചിരുന്നു. തൊഴിലുറപ്പ് ഭേദഗതിയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കും എന്നും ഭേദഗതി മൂലം കേരളത്തിന് പ്രതിവർഷം 3500 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണമെന്നും കത്തില്‍ മുഖ്യന്ത്രി ആവശ്യപ്പെട്ടിരുന്നു. നിയമത്തിലെ പല വ്യവസ്ഥകളും അതീവ ആശങ്കയുണ്ടാക്കുന്നവയാണെന്നും അവ സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, കൂലി ഇനത്തിലെ മുഴുവൻ തുകയും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. എന്നാൽ, പുതിയ ബില്ലിൽ കൂലി ഇനത്തിലുള്ള കേന്ദ്ര വിഹിതം 60 ശതമാനമായി കുറയ്ക്കുന്നുണ്ട്. നിലവിലുള്ള സംവിധാനത്തിലുള്ള ഇത്തരമൊരു മാറ്റം തികച്ചും വിനാശകരമാണ്. പ്രാഥമിക കണക്കുകൾ പ്രകാരം, ഈ മാറ്റം മൂലം കേരളത്തിന് മാത്രം പ്രതിവർഷം ഏകദേശം 3,500 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകും എന്നുള്ള ആശങ്കയും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു.