Asianet News MalayalamAsianet News Malayalam

കേരളത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ വരുന്നു !; ആദ്യ ചെയര്‍മാന്‍ പി സി മോഹനന്‍

ദേശീയ സ്ഥിതിവിവര കമ്മീഷന്റെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി സി മോഹനനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കും.

Kerala government plan to set up State Statistical Commission
Author
Thiruvananthapuram, First Published Mar 16, 2020, 3:04 PM IST

തിരുവനന്തപുരം: കേരളത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ വരുന്നു. കേരളത്തിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്.

ദേശീയ സ്ഥിതിവിവര കമ്മീഷന്റെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി സി മോഹനനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കും. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മുന്‍ ഡയറക്ടര്‍ മീരാ സാഹിബ് കമ്മീഷനിലെ മുഴുവന്‍ സമയ അംഗവും ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വകുപ്പ് മേധാവി ഡോ. മധുര സ്വാമിനാഥന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് റൂറല്‍ ഡവല്‌മെന്റിലെ ഫാക്കല്‍റ്റി അംഗം ഡോ. വി. സുര്‍ജിത്ത് വിക്രമന്‍ എന്നിവര്‍ പാര്‍ട് ടൈം അംഗങ്ങളുമായിരിക്കും. മൂന്നു വര്‍ഷമാണ് കമ്മീഷന്റെ കാലാവധി.

ദേശീയതലത്തില്‍ ആഭ്യന്തര വരുമാനത്തിന്റെ ത്രൈമാസ കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സംസ്ഥാനത്ത് ആഭ്യന്തര വരുമാനത്തിന്റെ കൃത്യമായ കണക്ക് ലഭിക്കാന്‍ രണ്ട് വര്‍ഷമെടുക്കുന്ന സ്ഥിതിയുണ്ട്. മാത്രമല്ല, കേരളത്തിലെ നിക്ഷേപത്തിന്റെ തോത്, സ്വകാര്യ ഉപഭോക്തൃ ചെലവ്, സംസ്ഥാന വരുമാനത്തിന്റെ വിനിയോഗം എന്നിവ കണക്കാക്കപ്പെടുന്നുമില്ല. ഇതുകാരണം സര്‍ക്കാര്‍ തലത്തില്‍ നയരൂപീകരണത്തിനും ഗവേഷകര്‍ക്ക് വിശകലനത്തിനും പ്രയാസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്.

Follow Us:
Download App:
  • android
  • ios