തുമ്പ: തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരള സ്പേസ് പാര്‍ക്ക് പദ്ധതിക്ക് സാങ്കേതിക സഹായവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഐഎസ്ആര്‍ഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്‍ററും (വിഎസ്എസ്‍സി) ധാരാണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ഐടി സെക്രട്ടറി എം. ശിവശങ്കറും വിഎസ്എസ്‍സി ഡയറക്ടര്‍ എസ് സോമനാഥുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനു വേണ്ടി ടെക്നോസിറ്റിക്ക് സമീപം 22 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. താല്പര്യമുള്ള സംരംഭകര്‍ക്ക് ഇവിടെ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ ആരംഭിക്കാം. ഇതിനാവശ്യമായ ഉപദേശവും സാങ്കേതിക പിന്തുണയും ഐഎസ്ആര്‍ഒ നല്‍കും. മാത്രമല്ല, ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ പദ്ധതികള്‍ക്ക് പ്രയോജനകരമാണെങ്കില്‍ സംരംഭകരില്‍ നിന്ന് ഐഎസ്ആര്‍ഒ നേരിട്ടു വാങ്ങുകയും ചെയ്യും.

 സ്പേസ്, ഏറോസ്പേസ് മേഖലക്കാവശ്യമായ സൂക്ഷ്മ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പല സംരംഭകരും ഇതിനകം മുന്നോട്ടുവന്നിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്താനുള്ള സഹായവും സ്പേസ് പാര്‍ക്ക് നല്‍കും.

സര്‍ക്കാര്‍ അനുവദിച്ച 22 ഏക്കറില്‍ 2 ഏക്കര്‍ സ്ഥലത്ത് ഡോ. എ പി ജെ അബ്ദുള്‍ കലാം നോളജ് സെന്‍ററും സ്പേസ് മ്യൂസിയവും സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചിട്ടുണ്ട്. 100 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണിത്. ഏകദേശം ഒരു ലക്ഷത്തില്‍ കൂടുതല്‍ സ്ക്വയര്‍ ഫീറ്റ് സ്ഥലവിസ്തൃതിയുള്ള മ്യൂസിയം കെട്ടിടത്തില്‍ യഥാര്‍ത്ഥ റോക്കറ്റ് വിക്ഷേപണ വാഹനത്തിന്‍റെ വലിപ്പമുള്ള മാതൃക പ്രദര്‍ശിപ്പിക്കും. സ്പേസ് പാര്‍ക്കിനാവശ്യമായ കോണ്‍ഫറന്‍സ് സൗകര്യങ്ങവും മ്യൂസിയത്തില്‍ ലഭ്യമാക്കും.

സ്പേസ് പാര്‍ക്ക് സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് ഐടി വകുപ്പിന്‍റെയും വി.എസ്.എസ്.സിയുടെയും ഉദ്യോഗസ്ഥര്‍ രൂപം നല്‍കിയിട്ടുണ്ട്. 2020 അവസാനത്തോടെ പാര്‍ക്ക് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഐ.എസ്.ആര്‍.ഒയും കേരള സര്‍ക്കാരും യോജിച്ചുനിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പേസ് പാര്‍ക്ക് സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ പ്രകടിപ്പിച്ച താല്‍പര്യത്തിനും നല്‍കിയ പിന്തുണയ്ക്കും വിഎസ്എസ്സി ഡയറക്ടര്‍ സോമനാഥ് നന്ദി പറഞ്ഞു.

ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റ ശേഷം ഡോ. കെ ശിവന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സ്പേസ് പാര്‍ക്കിന്‍റെ ആശയം ഉരുത്തിരിഞ്ഞത്.