നിരവധി ഇറാനിയന്‍ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ പക്ഷെ ഖാര്‍ഗ് ദ്വീപിനെ ഇതുവരെ തൊട്ടിട്ടില്ല.

ര്‍ജ്ജ മേഖലയിലെ പല കേന്ദ്രങ്ങളിലും ആക്രമണം നടത്തിയപ്പോഴും, ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യം വെക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇറാന്‍. ഷാറാന്‍ ഇന്ധന ഡിപ്പോ, ഷഹര്‍ റേ റിഫൈനറി, സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി ഇറാനിയന്‍ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ പക്ഷെ ഖാര്‍ഗ് ദ്വീപിനെ ഇതുവരെ തൊട്ടിട്ടില്ല.

ഖാര്‍ഗ് ദ്വീപ്: ഇറാന്റെ എണ്ണ വ്യവസായത്തിന്റെ ഹൃദയം

പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നു. ഇറാന്റെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഒന്നാണിത്. 1950-കളില്‍ നിര്‍മ്മിച്ചതും ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന് ശേഷം പുനര്‍നിര്‍മ്മിച്ചതുമായ ഈ ടെര്‍മിനലിന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ടാങ്കറുകളെയും ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരേ സമയം 8-9 സൂപ്പര്‍ ടാങ്കറുകള്‍ക്ക് എണ്ണ നിറയ്ക്കാന്‍ ശേഷിയുള്ള ബെര്‍ത്തുകളും ഏകദേശം 28 ദശലക്ഷം ബാരല്‍ സംഭരണ ശേഷിയുമുണ്ട്.

ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90% വും ഖാര്‍ഗ് വഴിയാണ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പ്രധാന എണ്ണപ്പാടങ്ങളില്‍ നിന്നുള്ള പൈപ്പ് ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഉപരോധങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഖാര്‍ഗ് വലിയ വരുമാന സ്രോതസ്സാണ്. ഇത് ഇറാന്റെ ദേശീയ ബഡ്ജറ്റിനും സഹായം നല്‍കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചരക്ക് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ഇതിന്റെ സ്ഥാനം ആഗോള എണ്ണക്കടത്തില്‍ ഇറാനു സ്വാധീനം നല്‍കുന്നു.

എന്തുകൊണ്ടാണ് ഇസ്രായേല്‍ ഖാര്‍ഗ് ദ്വീപിനെ ഒഴിവാക്കുന്നത്?

ഒന്നിലധികം ഇറാനിയന്‍ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടും, ഇസ്രായേല്‍ ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യം വെക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ട്.

വലിയ പ്രത്യാഘാതങ്ങള്‍: ഖാര്‍ഗ് ദ്വീപിനെ നേരിട്ട് ആക്രമിക്കുകയാണെങ്കില്‍, ഇറാന്റെ എണ്ണ കയറ്റുമതിയെ അത് പൂര്‍ണ്ണമായി തടസ്സപ്പെടുത്തും. ഇത് ഇറാനെ തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കുകയും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഇറാനെ പ്രേരിപ്പിക്കുകയും ചെയ്യും. ലോകത്തിന്റെ മൊത്തം എണ്ണ വിതരണത്തിന്റെ ഏകദേശം 20% കടന്നുപോകുന്ന ഈ കടലിടുക്ക് തടസ്സപ്പെടുന്നത് ആഗോള എണ്ണ വില കുത്തനെ ഉയര്‍ത്തുകയും ഊര്‍ജ്ജ വിപണികളെയും ഷിപ്പിംഗ് റൂട്ടുകളെയും അസ്ഥിരപ്പെടുത്തുകയും ചെയ്യും.

പ്രാദേശിക സംഘര്‍ഷം: ഖാര്‍ഗിനെ ആക്രമിക്കുന്നത് സൗദി അറേബ്യയുടെ റാസ് തനൂറ ടെര്‍മിനല്‍ പോലുള്ള അയല്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാം. ഇത് പശ്ചിമേഷ്യയെ ഒരു വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയും കൂടുതല്‍ രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യും.

തന്ത്രപരമായ മുന്‍ഗണനകള്‍: ഇസ്രായേല്‍ നിലവില്‍ പിന്തുടരുന്നത് കൃത്യമായ സമ്മര്‍ദ്ദ തന്ത്രമാണ്. അതായത്, ഊര്‍ജ്ജ, ആണവ സംബന്ധിയായ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയും അതേസമയം നിയന്ത്രണാതീതമായ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക. അന്താരാഷ്ട്ര സഖ്യകക്ഷികളെ അകറ്റാതിരിക്കാനും ഇസ്രായേല്‍ ശ്രദ്ധിക്കുന്നുണ്ട്.

ഇറാന്റെ കയറ്റുമതി വര്‍ദ്ധിക്കുന്നു

അടുത്തിടെ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇറാന്‍ അതിവേഗം എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ്. ആദ്യ അഞ്ച് ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 2.23 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്തത്, ഇത് മുന്‍പത്തെ നിലയെ അപേക്ഷിച്ച് 44% വര്‍ദ്ധനവാണ്. വലിയ എണ്ണ ടാങ്കറുകള്‍ ഖാര്‍ഗ് ദ്വീപിലേക്ക് ഒറ്റയ്ക്ക് വരികയും കുറഞ്ഞ സമയം മാത്രം അവിടെ നിര്‍ത്തി വേഗത്തില്‍ മടങ്ങുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ ഖാര്‍ഗ് ദ്വീപ് കേവലം ഒരു എണ്ണ ടെര്‍മിനല്‍ മാത്രമല്ല, ഇറാന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഹൃദയവും ഒരു ഭൗമരാഷ്ട്രീയ സംഘര്‍ഷ സാധ്യതയുള്ള പ്രദേശവുമാണ്. നിലവില്‍, ഇതിനെ ആക്രമിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇസ്രായേല്‍ തിരിച്ചറിയുന്നുണ്ട്.