Asianet News MalayalamAsianet News Malayalam

കൊച്ചി എയര്‍പോര്‍ട്ടിലെ ബിസിനസ് ജെറ്റ് ടെര്‍മിനൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തമായി ബിസിനസ് ജെറ്റ് ടെര്‍മിനലുള്ള ഇന്ത്യയിലെ അഞ്ചാമത്തെ എയര്‍പോര്‍ട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഡിസംബര്‍ പത്തിനാണ് ഉദ്ഘാടനം.

Kochi Airport Business Jet Terminal inauguration
Author
First Published Nov 28, 2022, 1:55 PM IST

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനൽ ഉദ്ഘാടനം ഡിസംബര്‍ പത്തിന്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണ് കൊച്ചിയിലേതെന്നാണ് സിയാല്‍ അവകാശപ്പെടുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ബിസിനസ് ജെറ്റ് ടെര്‍മിനിലിന് 40,000 ചതുരശ്രയടിയാണ് വിസ്‍തീര്‍ണം. അഞ്ച് ലക്ഷ്വറി ലൗഞ്ചുകള്‍, വിശാലമായ ബിസിനസ് സെന്‍റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിൻ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോൺഫറൻസിങ് റൂം, വി.വി.ഐ.പികള്‍ക്ക് വേണ്ടിയുള്ള സേഫ്‍ഹൗസ് സംവിധാനം എന്നിവയാണ് പ്രത്യേകതകള്‍. മണിക്കൂറിൽ 20 യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകുന്ന രീതിയിലാണ് ടെര്‍മിനലിന്‍റെ നിര്‍മ്മാണം.
 
കേരളത്തിലേക്ക് വരുന്ന ബിസിനസ്, പ്രൈവറ്റ് ജെറ്റുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ചാര്‍ട്ടര്‍ വിമാന മേഖലയിലേക്ക് കടക്കാൻ സിയാൽ തീരുമാനിച്ചത്. 30 കോടി രൂപ ചെലവഴിച്ച് വെറും പത്ത് മാസത്തിനുള്ളിലാണ് ടെര്‍മിനൽ നിര്‍മ്മിച്ചത്. ഡൊമസ്റ്റിക്, അന്താരാഷ്ട്ര സര്‍വീസുകള്‍ കൈകാര്യം ചെയ്യാൻ ബിസിനസ് ജെറ്റ് ടെര്‍മിനലിന് കഴിയും.

നിലവിൽ രണ്ട് ടെര്‍മിനലുകളാണ് കൊച്ചി വിമാനത്താവളത്തിൽ ഉള്ളത്. ടെര്‍മിനൽ 1 ഡൊമസ്റ്റിക് സര്‍വീസുകളും ടെര്‍മിനൽ 3 അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്നു. മുൻപത്തെ ടെര്‍മിനൽ 2 ആണ് ഇപ്പോള്‍ ബിസിനസ് ജെറ്റ് ടെര്‍മിനലായി മാറ്റിയത്. പുതിയ ടെര്‍മിനലിന്‍റെ ഉദ്ഘാടനത്തോടെ സ്വന്തമായി പ്രൈവറ്റ് ജെറ്റ് ടെര്‍മിനലുള്ള രാജ്യത്തെ നാല് എയര്‍പോര്‍ട്ടുകള്‍ക്ക് ഒപ്പം സിയാലും ചേരും. 

താങ്ങാവുന്ന നിരക്കിൽ ചാര്‍ട്ടേഡ് വിമാനയാത്ര എന്ന ആശയത്തിനാണ് പുതിയ ടെര്‍മിനൽ ലക്ഷ്യമിടുന്നതെന്നാണ് സിയാൽ എം.ഡി എസ്. സുഹാസ് പറയുന്നത്. പുതിയ വരുമാനസാധ്യതകള്‍ തേടുന്ന വിമാനത്താവളത്തിന് ബിസിനസ് ജെറ്റ് ടെര്‍മിനൽ സഹായകമാകുമെന്നും അദ്ദേഹം കരുതുന്നു.

"പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനൽ കമ്മീഷൻ ചെയ്യുന്നതോടെ താങ്ങാവുന്ന നിരക്കിൽ ചാര്‍ട്ടേഡ് വിമാനയാത്ര സാധ്യമാകും. ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ എന്ന് ഈ പദ്ധതിയെ വിശേഷിപ്പിക്കാം. വിനോദസഞ്ചാരം, അന്താരാഷ്ട്ര സമ്മിറ്റുകള്‍, ബിസിനസ് കോൺഫറൻസുകള്‍, ധനികരുടെ യാത്രയ്ക്കുള്ള ഇടനാഴി എന്നിങ്ങനെ ഒരുപാട് കാര്യങ്ങളുടെ സമന്വയമാണിത്. ഇന്ത്യയിലെ ചാര്‍ട്ടേഡ് വിമാന സര്‍വീസ് മേഖലയിൽ വിപ്ലകരമായ മാറ്റങ്ങള്‍ക്ക് ഇത് സഹായിക്കുമെന്ന് ഉറപ്പാണ്." - എസ്. സുഹാസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios