Asianet News MalayalamAsianet News Malayalam

നാല് കമ്പനികളുമായി തുടക്കം, ഇന്ന് 450 കമ്പനികൾ; 17 പിന്നിട്ട കൊച്ചി ഇൻഫോപാർക്കിന് നാളെ പിറന്നാൾ

ടിസിഎസ്, വിപ്രോ, ഐബിഎസ് തുടങ്ങിയ ആഗോള ഐടി ഭീമന്‍മാര്‍ക്ക് ഇന്‍ഫോപാര്‍ക്കില്‍ സ്വന്തമായി കാമ്പസുണ്ട്. കൂടാതെ ബ്രിഗേഡ് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, കാര്‍ണിവല്‍ ഗ്രൂപ്പ് എന്നിവരും സ്ഥലം ഏറ്റെടുത്ത് ഐടി കെട്ടിടങ്ങള്‍ വികസിപ്പിച്ചു

Kochi infopark 18th birthday
Author
Kochi, First Published Oct 31, 2021, 5:12 PM IST

കൊച്ചി: സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് (IT Hub) ആക്കി മാറ്റിയ കൊച്ചി ഇന്‍ഫോപാര്‍ക്ക് (Kochi Infopark) 18ാം വയസിലേക്ക്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കി ഇൻഫോപാർക്ക് 18ലേക്ക് കാൽവെക്കും. വന്‍കിട ഐടി കമ്പനികളേയും (IT Companies) സംരംഭകരെയും ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 2004ലാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇന്‍ഫോപാര്‍ക്കിന് തുടക്കമിട്ടത്. കാക്കനാട് കിന്‍ഫ്രയുടെ (Kinfra) 100 ഏക്കര്‍ സ്ഥലം ഇന്‍ഫോപാര്‍ക്കിന് കൈമാറി. ഇവിടെ ഉണ്ടായിരുന്ന കെട്ടിടം ഐടി കമ്പനികളുടെ സൗകര്യങ്ങള്‍ക്കായി നവീകരിച്ചു. 

നാല് കമ്പനികളുമായി പ്രവർത്തനം തുടങ്ങിയ ഇൻഫോപാർക്കിൽ ഇന്ന് 450ഓളം കമ്പനികളും 50000 ഓളം ജീവനക്കാരുമുണ്ട്. പരോക്ഷമായി ഇതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാനുമായി. കോവിഡ് വ്യാപനമുണ്ടായിട്ടും ഐടി കയറ്റുമതിയില്‍ മികച്ച വര്‍ധനയോടെ ഇന്‍ഫോപാര്‍ക്ക് കുതിക്കുകയാണ്. വികസന മുന്നേറ്റത്തില്‍ ഇന്‍ഫോപാര്‍ക്ക് കൊച്ചിക്കു പുറത്തേക്കും വികസിച്ചു. സമീപ ജില്ലകളായ തൃശൂരിലെ കൊരട്ടിയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും ഇന്ന് ഇന്‍ഫോപാര്‍ക്കിന് ഉപഗ്രഹ കാമ്പസുകള്‍ ഉണ്ട്. 17 വര്‍ഷത്തിനിടെ കൊച്ചിയുടെ വ്യാവസായിക, സാമ്പത്തിക പുരോഗതിയിലും ആഗോള തലത്തില്‍ നഗരത്തിന് പുതിയ മേല്‍വിലാസം നേടിക്കൊടുക്കുന്നതിലും ഇന്‍ഫോപാര്‍ക്ക് വലിയൊരു പങ്ക് വഹിച്ചു

'സ്വകാര്യ നിക്ഷേപകരുമായി ചേര്‍ന്ന് ലോകോത്തര തൊഴില്‍-സാമൂഹിക-ജീവിത-അടിസ്ഥാനസൗകര്യങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഇനിയും ഉയരത്തിലെത്താനുള്ള വലിയ സ്വപ്‌നവും അതിന് ശക്തമായ അടിത്തറയും ഇന്‍ഫോപാര്‍ക്കിനുണ്ട്. ടീം ഇന്‍ഫോപാര്‍ക്ക് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പൂര്‍ണസജ്ജരാണ്,' സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.

ടിസിഎസ്, വിപ്രോ, ഐബിഎസ് തുടങ്ങിയ ആഗോള ഐടി ഭീമന്‍മാര്‍ക്ക് ഇന്‍ഫോപാര്‍ക്കില്‍ സ്വന്തമായി കാമ്പസുണ്ട്. കൂടാതെ ബ്രിഗേഡ് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, കാര്‍ണിവല്‍ ഗ്രൂപ്പ് എന്നിവരും സ്ഥലം ഏറ്റെടുത്ത് ഐടി കെട്ടിടങ്ങള്‍ വികസിപ്പിച്ചു. കാസ്പിയന്‍ ടെക്‌പാര്‍ക്ക്, ഐബിഎസിന്റെ സ്വന്തം കാമ്പസ്, ക്ലൗഡ് സ്‌കേപ്‌സ് സൈബര്‍പാര്‍ക്ക് എന്നീ കാമ്പസുകളും പണിപൂര്‍ത്തീകരിച്ചു വരികയാണ്. ഇപ്പോള്‍ 92 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള തൊഴിലിടമുള്ള ഇൻഫോപാർക്കിൽ പുതിയ ക്യാമ്പസുകൾ യാഥാർത്ഥ്യമാകുന്നതോടെ ഒരു കോടി ചതുരശ്ര അടിയിലേറെ വലിപ്പമാർജ്ജിക്കും.

Follow Us:
Download App:
  • android
  • ios