Asianet News MalayalamAsianet News Malayalam

'ഫ്രീ... ഫ്രീ... ഫ്രീ...'; അധ്യയനം ആഘോഷമായി തുടങ്ങാൻ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാനാവും

Kochi metro announces free free ticket for students and teachers on June 1st
Author
Kochi, First Published May 31, 2022, 5:19 PM IST

കൊച്ചി: അധ്യയനം ആഘോഷമാക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജൂണ്‍ ഒന്നിന് ബുധനാഴ്ച കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. അന്നേ ദിവസം രാവിലെ ഏഴുമണിമുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് സൗജന്യ യാത്ര. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാനാവും. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഐഡന്റിറ്റി കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകർക്കുമാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത.

കൊച്ചി മെട്രോ വിവരങ്ങളെല്ലാം ഇനി വാട്‌സാപ്പിലും

കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ കെ എം ആര്‍ എല്‍ വാട്‌സാപ് സേവനം ആരംഭിച്ചു. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്‌സാപ് മെസേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള മെനു വരും. അതില്‍ നിന്ന് ആവശ്യമുള്ള വിവരങ്ങള്‍ അനായാസം തിരഞ്ഞെടുത്ത് അറിയാം. പൊതുവായ അന്വഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയാന്‍ വാട്‌സാപ് സേവനം ഉപയോഗിക്കാം. കെ എം ആര്‍ എല്‍ നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം. ഈ സേവന ശൃംഖല വരും ദിവസങ്ങളിൽ വർധിപ്പിക്കും.

.മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്‌കാന്‍ചെയും ഈ സേവനം ഉപയോഗിക്കാം.ഫോണിലൂടെ നേരിട്ടും, ഇമെയില്‍ വഴിയും, കസ്റ്റമര്‍കെയര്‍ സെന്ററുകള്‍ വഴിയും ലഭിക്കുന്ന ഉപഭോക്തൃസേവനത്തിന് പുറമെയാണ് കൊച്ചി മേട്രൊ നവീന സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിപുലമായ ഉപഭോക്തൃസേവനം വാട്‌സാപ് പ്ലാറ്റ്‌ഫോമിലൂടെ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊച്ചി മെട്രോ.

Follow Us:
Download App:
  • android
  • ios