Asianet News MalayalamAsianet News Malayalam

Kochi Metro : പ്രതിദിനം ഒരുകോടി രൂപ നഷ്ടത്തില്‍ കൊച്ചി മെട്രോ; നഷ്ടം നികത്താന്‍ കെഎംആർഎൽ ലേലം വിളിക്കുന്പോൾ

22 സ്റ്റേഷനുകളിലായി 306 വ്യാപാര സ്ഥാപനങ്ങൾക്കുള്ള സ്ഥലമുണ്ട്. നവംബർ മാസത്തിൽ തുടങ്ങിയ ലേലം നടപടികൾ മൂന്നാം ഘട്ടത്തിലെത്തി. ചായക്കട മുതൽ ബ്യൂട്ടി പാർലർ വരെ ഇവിടെ നിലവിലുണ്ട്. ഇനിയുള്ളത് പതിനേഴ് മെട്രോ സ്റ്റേഷനുകളിലായി നൂറ്റിപ്പത്ത് ഇടങ്ങൾ.

kochi metro seeks non ticket revenue for makeup daily lose
Author
Kochi, First Published May 6, 2022, 7:14 PM IST

നഷ്ടത്തിലോടുന്ന കൊച്ചി മെട്രോക്ക് വലിയ ആശ്വാസമാണ് ടിക്കറ്റ് ഇതര വരുമാന വഴികൾ. ഇതിലേറ്റവും സാധ്യത നഗരത്തിന്‍റെ ഒത്തനടുക്കുള്ള മെട്രോ സ്റ്റേഷനുകളുടെ ബിസിനസ്സ് സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ്. ഷോപ്പിംഗ് മാളുകൾക്ക് സമാനമായ ഈ കെട്ടിടങ്ങളെ വ്യാപാരസ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ കന്പനി. 22 സ്റ്റേഷനുകളിലായി 306 വ്യാപാര സ്ഥാപനങ്ങൾക്കുള്ള സ്ഥലമുണ്ട്. നവംബർ മാസത്തിൽ തുടങ്ങിയ ലേലം നടപടികൾ മൂന്നാം ഘട്ടത്തിലെത്തി. ചായക്കട മുതൽ ബ്യൂട്ടി പാർലർ വരെ ഇവിടെ നിലവിലുണ്ട്. ഇനിയുള്ളത് പതിനേഴ് മെട്രോ സ്റ്റേഷനുകളിലായി നൂറ്റിപ്പത്ത് ഇടങ്ങൾ. ചെറിയ കടകളുടെ മാതൃകയിൽ കിയോസ്ക് അളവിലാണ് ഇത് ലഭ്യമാക്കുന്നത്. ഇതിൽ മുപ്പത് ഇടങ്ങൾ ഓഫീസുകൾ തുടങ്ങാൻ വിധം വിസ്തൃതമാണ്.സംസ്ഥാനത്തിന്‍റെ പല ഭാഗത്ത് നിന്നും ഇവിടേക്ക് ഇനിയും വ്യാപാര സ്ഥാപനങ്ങളെത്തുമെന്നാണ്  മെട്രോ കന്പനിയുടെ പ്രതീക്ഷ. ഏത് ബ്രാൻഡിനും ചെറുകിട സ്ഥാപനങ്ങൾക്കും കൊച്ചി നഗരത്തിൽ ഒരു സാന്നിദ്ധ്യം എന്നത് ചെറിയ കാര്യമല്ല.

സംരംഭകരെ ഇതിലെ ഇതിലെ

 യഥാക്രമം അന്പത്,നൂറ്റിയിരുപത്  അടി വിസ്തീർണ്ണത്തിലാണ് കിയോസ്കുകൾ ലഭ്യമാക്കുക. ഓഫീസുകൾ തുടങ്ങുന്നതിന് മൂന്നൂറ് മുതൽ നാലായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ  സ്ഥലങ്ങൾ ലഭ്യമാണ്.നഗരത്തിലെ കണ്ണായ വൈറ്റില മെട്രോ സ്റ്റേഷനിൽ ഒരു കിയോസ്ക് മാത്രമാണ് ഇനി ബാക്കിയുള്ളത്. ആലുവയിൽ ഏഴ് കിയോസ്കുകൾ ഇനിയും ലഭ്യമാണ്.ആലുവയിൽ ഓഫീസുകൾ തുടങ്ങാൻ മൂന്ന് ഇടങ്ങൾ കൂടി ഇനിയുമുണ്ട്.വൈവിധ്യമാർന്ന ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ മാത്രമല്ല നഗരത്തിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് അവരുടെ സേവനവും ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും അവസരം ലഭിക്കും.താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾ kochimetro.org/tenders/ .

ഓരോ സ്റ്റേഷനുകളിലും ഒരു ചതുരശ്ര അടിയുടെ അടിസ്ഥാന മൂല്യം ഇപ്രകാരമാണ്.ഈ നിരക്കിൽ നിന്നാണ് ലേലം തുടങ്ങുക.

ആലുവയിൽ 50രൂപ

പുളിഞ്ചോട് 15 രൂപ

കളമശ്ശേരി, കുസാറ്റ് സ്റ്റേഷനുകളിൽ 40 രൂപ

ഇടപ്പള്ളി 105 രൂപ

കലൂർ 39 രൂപ

വൈറ്റില 60 രൂപ

പേട്ട 31.5 രൂപ

വരുമാനം കൂട്ടാതെ രക്ഷയില്ല

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പ്രതിദിനം ഒരുകോടി രൂപയാണ് കൊച്ചി മെട്രോയുടെ നഷ്ടം. കൊവിഡിന് ശേഷം സ്ഥിതി മെച്ചപ്പെട്ടെങ്കിലും ആശ്വാസകരമല്ല കാര്യങ്ങൾ. കേന്ദ്ര സംസ്ഥാന വിഹിതത്തിന് പുറമെ മെട്രോ റെയിലും ജലമെട്രോയുമെല്ലാം പണിത് ഉയരുന്നത് ഫ്രഞ്ച്,ജർമ്മൻ വികസന ഏജൻസി മുതൽ ഹഡ്കോ,കാനറ ബാങ്ക്, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിവയിൽ നിന്നെല്ലാം കോടിക്കണക്കിന് രൂപ കടമെടുത്തിട്ടാണ് എന്നത് ഓർക്കണം.സ്റ്റേഷനുകളിലെ ബ്രാൻഡിംഗ്,പരസ്യങ്ങൾ,വ്യാപാര സ്ഥലങ്ങളുടെ വാടക ഇനത്തിൽ കിട്ടുന്ന വരുമാനം ഇതൊക്കെയാണ് മെട്രോയെ പിടിച്ച് നിർത്താൻ സഹായിക്കുക.

ലേലം വിളിയിൽ മികച്ച പ്രതികരണമുണ്ടായാൽ അഡ്വാൻസ് തുക അടക്കം കെഎംആർഎല്ലിന് ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു തുക ലഭിക്കും. വാടകയ്ക്കൊപ്പം ഈ കടകളിലേക്കെത്താൻ കൂടുതൽ പേർ മെട്രോ റെയിൽ ഉപയോഗിച്ചാൽ വലിയൊരു പരിധി വരെ കൊച്ചി മെട്രോയുടെ നഷ്ടവും കുറയും. അങ്ങനെ കൊവിഡിന് ശേഷം സജീവമായ വിപണിയുടെ സാധ്യതകൾ മെട്രോയ്ക്കും പരമാവധി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.മറക്കണ്ട ഇരുപതാം തിയതി വരെ സമയമുണ്ട്.വിശദവിവരങ്ങൾ മെട്രോ വെബ്സൈറ്റിലുമുണ്ട്.

Follow Us:
Download App:
  • android
  • ios