മികച്ച നിക്ഷേപ, വായ്പാ പദ്ധതികൾക്കുപുറമെ എല്ലാ വർഷവും വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്ന ചിട്ടി സ്കീമുകൾ കെ.എസ്.എഫ്.ഇ കൊണ്ടുവരാറുണ്ട്.

തിരുവനന്തപുരം: പുതിയ ചിട്ടി അവതരുപ്പിച്ച് കെഎസ്എഫ്ഇ. ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്യാൻ കഴിയുന്ന ഹാർമണി ചിട്ടിയാണ് കെഎസ്എഫ്ഇ അവതരിപ്പിച്ചത്. ഒപ്പം ഒരു പരസ്യ ചിത്രവും കെഎസ്എഫ്ഇ പുറത്തിറക്കിയിട്ടുണ്ട്. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടു സാമ്പത്തിക ആസൂത്രണം നടത്തുന്നവർക്ക് മികച്ച ഒരു നിക്ഷേപ മാർഗ്ഗമാണ് ചിട്ടി. കുട്ടികളുടെ ഭാവി ഉറപ്പാക്കി അവരുടെ സ്വപ്നത്തിലേക്ക് പറന്നുയരാൻ പ്രേരിപ്പിക്കുന്ന ആശയം പങ്കുവെച്ച പരസ്യ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് മുഖ്യ വേഷത്തിൽ എത്തിയത്.

മികച്ച നിക്ഷേപ, വായ്പാ പദ്ധതികൾക്കുപുറമെ എല്ലാ വർഷവും വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്ന ചിട്ടി സ്കീമുകൾ കെ.എസ്.എഫ്.ഇ കൊണ്ടുവരാറുണ്ട്. . ഈ സാമ്പത്തിക വർഷത്തിൽ അവതരിപ്പിച്ച ഹാർമണി ചിട്ടിയുടെ ബമ്പർ സമ്മാനം സിംഗപ്പൂരിലേക്ക് ഒരു യാത്രയാണ്. അതും 100 പേർക്ക് കുടുംബസമേതം. അല്ലെങ്കിൽ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം. 

ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യം മനസ്സിലാക്കി ബിസിനസ്സ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ് ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ തുടങ്ങിയ വിവിധ തരത്തിലുള്ള ഹാർമണി ചിട്ടികളിൽ ചേരാനുള്ള അവസരം കെഎസ്എഫ്ഇ നൽകുന്നു. മൂന്ന് സീരീസുകളായാണ് ഹാർമണി ചിട്ടി അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി വരെയാണ് ഹാർമണി ചിട്ടിയുടെ കാലാവധി.

കഴിഞ്ഞ മാസം കെ.എസ്.എഫ്.ഇ. വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കിയിരുന്നു. ജനറൽ ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ്‌ മണി ഡിപ്പോസിറ്റ്, ഷോർട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയത്. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം എന്നിവയായി നിക്ഷേപിക്കുന്നവർക്ക് ഒരു വർഷത്തെ കാലാവധിക്ക് 8.50 ശതമാനം പലിശയും ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലവധിയിൽ നിക്ഷേപിക്കുന്നവർക്ക് 8 ശതമാനം പലിശ നിരക്കും കെ.എസ്.എഫ്.ഇ വാ​ഗ്ദാനം ചെയ്യുന്നു. , രണ്ട് വർഷം മുതൽ മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കുന്നവർക്ക് 7.75 ശതമാനം പലിശയും നൽകും .

ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (CSDT) പലിശ നിരക്ക്‌ 8.75 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ 181 മുതൽ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപ പലിശ 5.50 ശതമാനത്തിൽ നിന്നും 6.50 ശതമാനമാക്കി ഉയർത്തി. അതേസമയം, വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന 8.75% പലിശ നിരക്കിൽ മാറ്റമില്ല. എന്നാൽ നിക്ഷേപകരുടെ പ്രായപരിധി 60-ൽ നിന്നും 56 വയസ്സാക്കിയിട്ടുണ്ട്.