പണമിടപാട് നിരോധനം മനഃപൂര്‍വ്വം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ സ്ഥാപനം ഉടനടി അടച്ചുപൂട്ടുകയും തുടര്‍ന്ന് നിയമപരമായ നടപടികള്‍ക്കായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും.

സ്വര്‍ണ്ണം, വജ്രം, മറ്റ് അമൂല്യ ലോഹങ്ങള്‍ എന്നിവ പണം നല്‍കി വാങ്ങുന്നത് നിരോധിച്ച് കുവൈത്ത്. വിപണിയെ സുതാര്യമാക്കുന്നതിനായാണ് തീരുമാനം. പകരം, കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അംഗീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ബാങ്കിംഗ് ഇടപാടുകളിലൂടെ മാത്രമേ ഇനി സ്വര്‍ണവും മറ്റ് ലോഹങ്ങളും വാങ്ങാന്‍ സാധിക്കൂ. സ്വര്‍ണ്ണത്തിന്റേയും ആഭരണങ്ങളുടേയും ഉയര്‍ന്ന മൂല്യം കാരണം ഈ മേഖലയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും പണമിടപാടുകള്‍ ഇല്ലാതാക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ സുരക്ഷിതത്വവും സുതാര്യതയും ഉണ്ടാകും എന്നുമാണ് കുവൈത്ത് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടികള്‍ മെച്ചപ്പെടുത്താന്‍ അന്താരാഷ്ട്ര സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് ഉള്‍പ്പെടെയുള്ളവ നേരത്തെ കുവൈത്തിനോട് ആവശ്യപ്പെട്ടിരുന്നു.

നിയമം ലംഘിച്ചാല്‍ എന്ത് സംഭവിക്കും?

പണമിടപാട് നിരോധനം മനഃപൂര്‍വ്വം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ സ്ഥാപനം ഉടനടി അടച്ചുപൂട്ടുകയും തുടര്‍ന്ന് നിയമപരമായ നടപടികള്‍ക്കായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. പുതിയ ചട്ടം വാണിജ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. അമൂല്യ ലോഹങ്ങളുടെ വ്യാപാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി.) ശ്രമത്തിന്റെ ഭാഗമാണ് കുവൈത്തിന്റെ ഈ തീരുമാനം. മേഖലയിലെ മറ്റു രാജ്യങ്ങളും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2022-ല്‍ 'യു.എ.ഇ. ഗോള്‍ഡ് ചെയിന്‍ലിങ്ക് സിസ്റ്റം' നടപ്പിലാക്കിയിരുന്നു. ഇടപാടുകളുടെ ഇലക്ട്രോണിക് നിരീക്ഷണം ഇതിലൂടെ സാധ്യമാകും. സൗദി അറേബ്യയും സ്വര്‍ണ്ണ ഇടപാടുകള്‍ക്കായി കര്‍ശനമായ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും പണരഹിത പേയ്‌മെന്റുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിന് സമാനമായി നേരത്തെ ഒമാനും പണം നല്‍കി സ്വര്‍ണം വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.