ഓഹരിവിപണിയിൽ ഇന്ന് എൽഐസി നേട്ടമുണ്ടാക്കി. ഓഹരി മൂല്യം 2.33 ശതമാനം ഉയർന്ന് 692.50 രൂപയിലെത്തി.
ദില്ലി : ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (Life Insurance Corporation) ആദ്യ വാർഷിക ജനറൽ ബോഡി യോഗം സെപ്തംബർ 27 ന് ചേരും. വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം ചേരുക. സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഇത് സംബന്ധിച്ച തീരുമാനം എൽഐസി അറിയിച്ചു.
ഓഗസ്റ്റ് 26 ന് ഡിവിഡന്റ് പേമെന്റ് തീയതിയായി നിശ്ചയിച്ചിട്ടുണ്ട്. എൽഐസി നേപാൾ ലിമിറ്റഡ് കമ്പനിയിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് റൈറ്റ്സ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 127.07 കോടി നേപാൾ രൂപ സമാഹരിക്കാനാണ് ലക്ഷ്യം. 80.67 കോടി ഇന്ത്യൻ രൂപ വരുമിത്.
സെബിയിൽ സമർപ്പിച്ച മറ്റൊരു രേഖാമൂലമുള്ള അറിയിപ്പിൽ എൽഐസി പുതിയ ഡയറക്ടർ ബോർഡ് അംഗമായി കേന്ദ്ര സർക്കാർ ശുചീന്ദ്ര മിശ്രയെ നാമനിർദ്ദേശം ചെയ്ത കാര്യം അറിയിച്ചിട്ടുണ്ട്. നിലവിൽ കേന്ദ്ര ധനകാര്യ സേവന മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയാണ് മിശ്ര. ഇന്ന് ഓഹരി വിപണിയിൽ എൽഐസി നേട്ടമുണ്ടാക്കി. ഓഹരി മൂല്യം 2.33 ശതമാനം ഉയർന്ന് 692.50 രൂപയിലെത്തി.
