ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ച  5,600 കോടി രൂപ മൂല്യമുള്ള 5.92 കോടി ഓഹരികള്‍ ഇന്നലെ തന്നെ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു. 

എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന നാളെ ആരംഭിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ച 5,600 കോടി രൂപ മൂല്യമുള്ള 5.92 കോടി ഓഹരികള്‍ ഇന്നലെ തന്നെ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വൻകിട സ്ഥാപന നിക്ഷേപകർക്കുള്ള ഓഹരികൾക്കുള്ള മൊത്തം ഡിമാൻഡ് ഓഫറിലുള്ള ഓഹരികളുടെ എണ്ണത്തേക്കാൾ വളരെ വലുതാണെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

ആങ്കർ ബുക്ക് ലഭിക്കുന്ന ആദ്യത്തെ നിക്ഷേപ ഓഫറാണ് എൽഐസി. തെരഞ്ഞെടുത്ത വൻകിട നിക്ഷേപകർക്ക് ഐപിഒ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മൊത്തം ഓഫറിന്റെ 35% നൽകും. എല്ലാത്തരം നിക്ഷേപകർക്കും ഐ‌പി‌ഒ തുറക്കുന്നതിന് മുമ്പ് മുൻഗണന നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിരുന്നില്ല. 

ഈ ഐപിഒ വഴി, എൽഐസിയുടെ 22.1 കോടി ഓഹരികൾ ഓരോ ഷെയറിനും 902-949 രൂപ നിരക്കിൽ സർക്കാർ വിറ്റഴിക്കും. ഇതിലൂടെ ഏകദേശം 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എൽഐസിയുടെ 3.5ശതമാനം ഓഹരികള്‍ ഐപിഒ വഴി വില്‍ക്കാനാണ് സെബി അനുമതി നല്‍കിയിട്ടുള്ളത്. 

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എൽഐസിയുടേത് എന്നാണ് കരുതപ്പെടുന്നത്. അങ്ങനെ വന്നാൽ റിലയൻസ്, ടിസിഎസ് പോലുള്ള കമ്പനികളുടെ അതേ വിപണി മൂല്യമാകും എൽഐസിക്ക്. ഇതുവരെ ഐപിഒ വഴി ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് പേടിഎം ആണ്. 18300 കോടി രൂപയാണ് സമാഹരിച്ചത്. 2021 ലായിരുന്നു ഇത്. 2010 ൽ കോൾ ഇന്ത്യ 15500 കോടി രൂപ സമാഹരിച്ചിരുന്നു. 2008 ൽ റിലയൻസ് പവർ 11700 കോടി രൂപയാണ് സമാഹരിച്ചത്.