വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ 10 കമ്പനികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്ത്.
വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ 10 കമ്പനികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്ത്. ബജാജ് ഫിനാൻസ് കമ്പനിയും അദാനി ട്രാൻസ്മിഷൻ കമ്പനിയും എൽഐസിയെ മറികടന്ന് പട്ടികയിൽ മുന്നിലെത്തി.
Read Also: യുകെ വീണു; ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ
ബജാജ് ഫിനാൻസ് പത്താം സ്ഥാനത്തും അദാനി ട്രാൻസ്മിഷൻ ഒമ്പതാം സ്ഥാനത്തും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പതിനൊന്നാം സ്ഥാനത്തുമാണ്. അദാനി ട്രാൻസ്മിഷൻ വിപണി മൂല്യം 4.43 ലക്ഷം കോടി രൂപയാണ്. 4.42 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാൻസ് വിപണിമൂല്യം. അതേസമയം എൽഐസിയുടെ വിപണിമൂല്യം 4.2 ലക്ഷം കോടി രൂപയാണ്.
2022 മെയ് 17 ന് ലിസ്റ്റ് ചെയ്യപ്പെട്ട ശേഷം എൽഐസി ഓഹരികൾ താഴേക്ക് ആയിരുന്നു. ഓഹരിക്ക് 949 രൂപ നിരക്കിൽ വിറ്റഴിക്കപ്പെട്ട ശേഷം 29 ശതമാനത്തോളം മൂല്യമിടിഞ്ഞു. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 683 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 17.8 ലക്ഷം കോടി രൂപയാണ് ആർ ഐ എൽ കമ്പനിയുടെ വിപണിമൂല്യം. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി എന്നിവയാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാർ.
Read Also: എൻആർഇ നിക്ഷേപകർക്ക് ബമ്പർ; യെസ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടി
കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികൾ കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓഹരികൾ ലിസ്റ്റ് ചെയ്തപ്പോഴും കമ്പനിയുടെ വിപണി വില ഉയർന്നിട്ടില്ല. അതേസമയം മറ്റു കമ്പനികൾ പ്രതിസന്ധികൾ തരണം ചെയ്തിട്ടുണ്ട്
